കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിയ്‌ക്ക് നോട്ടീസ്. കോഴിക്കോട് നടക്കാവ് പോലീസാണ് നോട്ടീസ് നൽകിയത്. മാദ്ധ്യമം ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാണ് കേസ്. ഈ മാസം 18-നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
അടുത്തിടെയായി സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിലുള്ള തുണ പ്രചരണങ്ങളും സൈബർ ആക്രമണവുമാണ് നടക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പദയാത്ര ജനശ്രദ്ധ പിടിച്ചുപ്പറ്റിയതിന് പിന്നാലെയാണ് താരത്തിനെതിരായുള്ള കേസുകൾ എന്നത് ശ്രദ്ധേയമാണ്. പദയാത്ര നടത്തിയതിനും സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.
മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രചരണത്തിന് പിന്നാലെ തന്റെ പ്രവൃത്തി മോശമായി തോന്നിയെങ്കിൽ മാദ്ധ്യമ പ്രവർത്തകയോട് മാപ്പ് പറയുന്നു എന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. എന്നാൽ, ഇപ്പോഴും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇടത് മാദ്ധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ സുരേഷ് ഗോപിയെ വേട്ടയാടുന്ന സമയത്തു തന്നെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.