തിരുവനന്തപുരം: വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടു. കൈവിലങ്ങുമായി രക്ഷപ്പെട്ട പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന മ്യൂസിയം എസ്ഐ രജീഷിനെ ആക്രമിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാർ പ്രതിയെ പിടിക്കുന്നതിനായി ഓടിയെങ്കിലും സെയ്ദ് വഞ്ചിയൂർ പാറ്റൂർ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 14 ദിവസം മുൻപാണ് ലോ കോളേജ് പരിസരത്ത് നിന്നും പ്രതിയെ കേസുമായി ബന്ധപ്പെട്ട് പിടികൂടുന്നത്. പ്രതിയുടെ കൈവശം എംഡിഎംഎ ഉണ്ടായിരുന്നു.