പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് വരുന്ന ജനുവരിയിലാണ് തുടങ്ങുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടും അപ്ഡേറ്റ് വരാത്തതിൽ നിരാശരായ ആരാധകർക്ക് ഇനി സമാധാനിക്കാം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എമ്പുരാന്റെ അണിയറ പ്രവർത്തകർ.
നവംബർ 11-ാം തീയതി വൈകിട്ട് 5 മണിക്കാണ് എമ്പുരാന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തോക്കും ഹെലികോപ്റ്ററുകളും കാണിക്കുന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ റിലീസ് തീയതി ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ മോഹൻലാലിന്റെ ലുക്ക് പുറത്തു വിടുന്നതോടെ സോഷ്യൽ മീഡിയ കത്തുമെന്നാണ് ആരാധകരുടെ പ്രതികരണം.
2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് L2 എമ്പുരാൻ. മുരളിഗോപിയാണ് എമ്പുരാന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്. മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിർവാദ് സിനിമാസ്, ലൈക പ്രെഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്.















