അവിശ്വസനീയമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഫ്ഗാനെ ഒറ്റയ്‌ക്ക് തകർത്ത ഗ്ലെൻ മാക്സ്വെല്ലിന്റെ തകർപ്പൻ പ്രകടനമാണ് ഇതിന് കാരണം. 128 പന്തിൽ മാക്സ്വെൽ നേടിയ ഇരട്ടസെഞ്ച്വറിയാണ്, വൻ തകർച്ചയിൽ നിന്ന് കരകയറി കളിയിൽ വിജയിക്കാൻ ഓസീസിനെ സഹായിച്ചത്. ഒമ്പതാമത്തെ ഓവറിലെ രണ്ടാം പന്തിൽ മാക്സ്വെൽ ക്രീസിൽ എത്തുമ്പോൾ ഓസീസ് നാലിന് 49 എന്ന നിലയിലായിരുന്നു. എന്നാൽ 10 ഓവർ കൂടി പിന്നിട്ടപ്പോൾ ഏഴിന് 91 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തോൽവി മുഖാമുഖം കണ്ട നിമിഷങ്ങൾ. എന്നാൽ പ്രവചനങ്ങളെ മറികടന്ന് മാക്സ്വെല്ലിന്റെ ചുമലിലേറി ഓസീസ് മത്സരത്തിലേക്ക് തിരികെ വരുന്നതാണ് ആരാധകർ കണ്ടത്.
ഈ കിടിലൻ ഇന്നിംഗ്‌സിലൂടെ ഒരുപാട് നാഴികക്കല്ലുകളാണ് മാക്‌സ്‌വെൽ മറികടന്നത്. ചേസ് ചെയ്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാക്‌സ്‌വെൽ മാറി. ഒപ്പം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കുന്ന ഓപ്പണറല്ലാത്ത ആദ്യ താരമായും മാക്‌സ്‌വെൽ മാറി. എന്നാൽ ഈ നേട്ടങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഞാൻ അഫ്ഗാനെതിരായ മത്സരത്തിൽ സന്തോഷവാനായിരുന്നില്ലെന്ന മാക്‌സിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
‘കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ എന്റെ ഇന്നിംഗ്സിൽ ഞാൻ നിരാശനായിരുന്നു. എന്റെ ലോകകപ്പ് കരിയർ സ്ട്രൈക്ക് റേറ്റ് കുറഞ്ഞു. അത് മികച്ച നിലയിൽ കൊണ്ടുവരണമെങ്കിൽ ഞാൻ ഇനിയും ഒരുപാട് പ്രയത്‌നിക്കേണ്ടി വരും.’അദ്ദേഹം ക്ലബ് പ്രേരി ഫയറിൽ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ആദം ഗിൽക്രിസ്റ്റിനെയും മൈക്കൽ വോണിനെയും പോഡ്കാസ്റ്റിൽ സന്നിഹിതരായിരുന്ന മറ്റുള്ളവരെയും അമ്പരിപ്പിക്കുകയാണുണ്ടായത്.