ലക്നൗ: കോണ്ഗ്രസ് നേതൃത്വത്തിന്റെ ‘ഹിന്ദു വിരുദ്ധ’ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. ശ്രീരാമനെ വെറുക്കുന്ന ചില നേതാക്കൾ കോൺഗ്രസിലുണ്ട്. ഈ നേതാക്കൾ ഹിന്ദു എന്ന വാക്കും വെറുക്കുന്നു, ഹിന്ദു സന്യാസിമാരെ അവഹേളിക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു. പാർട്ടിയിൽ ഒരു ഹിന്ദു ആചാര്യൻ ഉണ്ടായിരിക്കുന്നത് അവർക്ക് ഇഷ്ടമല്ല. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു .
മദ്ധ്യപ്രദേശിലെ പാർട്ടി പ്രചാരണത്തിൽ തന്നെ ഉൾപ്പെടുത്താത്തതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്. പാർട്ടി നേതൃത്വത്തിന് ഹിന്ദുക്കളുടെ പിന്തുണ ആവശ്യമില്ലായിരിക്കാം അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമ മന്ദിരത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസ് നേതാവിന്റെ പരാമർശം.
സെപ്തംബറിൽ സനാതൻ ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായപ്പോൾ അതിനെതിരെ ആചാര്യ പ്രമോദ് കൃഷ്ണൻ രംഗത്ത് വന്നിരുന്നു. സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവർ ഇന്ത്യക്കും എതിരാണ്, കാരണം സനാതനികളെ കൂടാതെ ഈ രാഷ്ട്രത്തെ സങ്കൽപ്പിക്കാൻ കഴിയില്ല. സനാതനത്തിനെതിരെ സംസാരിക്കുന്നവർ രാവണന്റെ സന്തതികളാണ്. അവരുടെ ഉന്മൂലനം ഉറപ്പാണ് അദ്ദേഹം പ്രസാതാവിച്ചു.
ഇൻഡി സഖ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആചാര്യ പ്രമോദ് കൃഷ്ണന്റെ പ്രതീകരണം ഇങ്ങനെയായിരുന്നു. “ഇൻഡി ബ്ലോക്ക് എന്നൊന്ന് അവശേഷിക്കുന്നില്ലെന്ന് താൻ കരുതുന്നു. ആ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി മോദിയെ തോൽപ്പിച്ച് ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതായിരുന്നു. എന്നാൽ സങ്കടകരമായ കാര്യം, ഇന്ത്യയെ വെറുക്കാൻ തുടങ്ങിയെന്ന് അവർ മറക്കുന്നുവെന്നതാണ്. പ്രധാനമന്ത്രി ഒരു പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്താൽ അവർ അതിനെ എതിർക്കുന്നു, ട്രെയിനിന് ‘വന്ദേ ഭാരത്’ എന്ന് പേരിട്ടാൽ അവർ അതിനെ എതിർക്കും. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ആരും തടയുന്നില്ല, പക്ഷേ സ്വന്തം രാജ്യത്തെ വെറുക്കുന്നത് ശരിയല്ല പ്രമോദ് കൃഷ്ണ പറഞ്ഞു. രാമക്ഷേത്രം നിർമ്മിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ് , ഇത് ഭാഗ്യത്തിന്റെ അടയാളമാണെന്നും കോടിക്കണക്കിന് ആളുകളുടെ പ്രാർത്ഥനുടെ ഫലമാണ് രാമലല്ലയുടെ ക്ഷേത്രമെന്നും പറഞ്ഞു.