ലോകകപ്പിൽ നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. ടൂർണമെന്റിൽ ഇതുവരെയുളള ഏട്ട് മത്സരങ്ങളും ജയിച്ച് ഉഗ്രൻ ഫോമിലാണ് ഇന്ത്യ. എന്നാൽ നെതർലാൻഡ്‌സിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ നടത്തിയ അട്ടിമറി ഒഴിച്ചാൽ ഓർത്തുവയ്‌ക്കാൻ മറ്റൊന്നുമില്ല. ഞായറാഴ്ച ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ- നെതർലാൻഡ്‌സ് മത്സരം. ഇന്ത്യക്കെതിരെയുളള മത്സരത്തിലെ ഡച്ച് പടയുടെ പ്രതീക്ഷകൾ പങ്കുവെയ്‌ക്കുകയാണ് ഇന്ത്യൻ വംശജനായ തേജ നിതാമനുരു.
മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ശക്തമായ വിശ്വാസം ഡച്ച് ടീമിന് ഉണ്ടെന്നാണ് തേജ പറയുന്നത്.
ലോകകപ്പിലെ ഏറ്റവും ശക്തമായ ടീമിനെതിരെയാണ് ഞങ്ങൾ കളിക്കാനൊരുങ്ങുന്നത്. ഈ ആവേശത്തിൽ ക്രീസിലെത്തുമ്പോൾ ഇന്ത്യക്കെതിരെ മികച്ച വിജയം നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞായറാഴ്ച ഇന്ത്യക്കെതിരെ മികച്ച പോരാട്ടം ഞങ്ങൾ പുറത്തെടുക്കും. ഞങ്ങളുടെ ബൗളിംഗ് നിരയിൽ മികച്ച താരങ്ങളുണ്ട്. സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് വീശുന്ന ബാറ്റർമാരുമുണ്ട്. നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്‌ത്താൻ സാധിക്കുന്ന താരങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇത് ഇന്ത്യക്കെതിരെയുളള മത്സരത്തിൽ ഞങ്ങൾക്ക് ഗുണം ചെയ്യും. ക്രിക്കറ്റിൽ ചിലസമയത്ത് അട്ടിമറികളും സംഭവിക്കും. ഭാഗ്യം കൂടെയുണ്ടെങ്കിൽ ഇന്ത്യക്കെതിരെ വിജയം നേടുമെന്നും തേജ പറഞ്ഞു.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ച ടീമാണ് നെതർലാൻഡ്‌സ്. 2022 ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് പോലെ ധർമശാല വേദിയായ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താൻ ഡച്ച് പടയ്‌ക്ക് സാധിച്ചിരുന്നു.