ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത… ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി താരം പാഡണിയുമെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. ഐപിഎൽ 2024 താര ലേലത്തിന് മുന്നോടിയായുള്ള നാല് ദിവസത്തെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ പങ്കെടുക്കാൻ ഡൽഹി താരം ഇപ്പോൾ കൊൽക്കത്തയിലാണ്. ഡൽഹിയിലെ ക്യാമ്പിലുളള ഋഷഭിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
വാഹനാപകടത്തെ തുടർന്ന് ക്രീസിൽ നിന്ന് വിട്ട് നിന്ന പന്തിന്റെ മടങ്ങി വരവിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകർ. മാസങ്ങൾക്ക് മുമ്പ് നെറ്റിൽ ബാറ്റിംഗ് പരിശീലനവും കീപ്പിങ്ങും പരിശീലിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉഗ്രൻ ഫോമിലാണെന്നും ഐപിഎല്ലിൽ പാഡണിയുമെന്നും ഗാംഗുലി ദേശീയ മാദ്ധ്യമങ്ങോട് വ്യക്തമാക്കിയത്.
ഋഷഭ് പന്ത് നല്ല ഫോമിലാണ്. അടുത്ത സീസൺ മുതൽ അവൻ കളിക്കളത്തിലേക്ക് മടങ്ങിയെത്തും. നവംബർ 11 വരെ അദ്ദേഹം ഇവിടെയുണ്ട്. വരാനിരിക്കുന്ന ലേലങ്ങൾ കണക്കിലെടുത്ത് പന്ത് ടീമിന്റെ ക്യാപ്റ്റനായതിനാൽ ടീമിനെക്കുറിച്ച് ഞങ്ങൾ ചർച്ച നടത്തി- ഗാംഗുലി് പറഞ്ഞു. 2022 ഡിസംബറിൽ വാഹനാപകടത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം രണ്ട് മാസത്തിലേറെ കിടപ്പിലായിരുന്നു.