മാറി വരുന്ന ഭക്ഷണശൈലികളും, അന്തരീക്ഷ മലിനീകരണവും മനുഷ്യരിൽ ക്യാൻസർ എന്ന മാരകരോഗം പിടിപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. പല തരത്തിലുള്ള ക്യാൻസറുകൾക്കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു സമൂഹം തന്നെ ഇന്ന് നമുക്ക് മുന്നിലുണ്ട്. ഗുരുതരമായ ക്യാൻസറുകളിലൊന്നാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഈ ക്യാൻസർ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ വളരെ പ്രയാസകരമാണ്.
പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായി ക്യാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് ക്യാൻസർ. ഇത് പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടരുമ്പോഴാണ് പലരിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ഇനി പറയുന്ന ലക്ഷണങ്ങൾ നിങ്ങളിൽ സ്ഥിരമായി പ്രകടമാകുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
അടിവയറിലെ വേദന
അസഹ്യമായ വയറുവേദനയാണ് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. അടിവയറ്റിൽ ഇടയ്‌ക്കിടെയുണ്ടാകുന്ന അസ്വസ്ഥത വേദനയായി മാറുകയാണ് ഈ ക്യാൻസറിന്റെ പ്രാരംഭഘട്ടത്തിൽ സംഭവിക്കുന്നത്.
ഛർദ്ദി
ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഛർദ്ദിയുണ്ടാവുന്നത് ട്യൂമർ വളരുന്നതിന്റെ ലക്ഷണങ്ങളാണെന്ന് വിദ്ഗ്ധർ പറയുന്നു.
നടുവേദന, പെട്ടന്ന് ഭാരം കുറയുന്നത്
അസഹ്യമായ നടുവേദനയും പെട്ടന്ന് ഭാരം കുറയുന്നതും ഈ ക്യാൻസറിന്റെ മറ്റൊരു പ്രധാന ലക്ഷണങ്ങളാണ്. കൈയിലോ കാലിലോ നീർവീക്കം ഉണ്ടാകുന്നതും മഞ്ഞപ്പിത്തവും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനകളാണ്.