കൃഷി ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രിയുള്ള നാട്ടിൽ എങ്ങനെ കൃഷി ചെയ്യാനാണ്? മരിച്ചുപോയ പ്രസാദിനെയെങ്കിലും തേജോവധം ചെയ്യാതെ വെറുതെ വിടണം- കൃഷ്ണപ്രസാദ്

Published by
Janam Web Desk

ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്.

” വളരെ വേദനയോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്ത വിവരം ഞാൻ കേട്ടത്. ഇതുപോലെയൊന്ന് നടക്കരുതേ എന്നായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. കർഷകരോട് എനിക്ക് പറയാനുള്ളതെന്തെന്നുവച്ചാൽ നിങ്ങൾ ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുത്. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ മറ്റു കൃഷിക്കാരുമായി ചർച്ചചെയ്ത് എന്തെങ്കിലും ഒരു പരിഹാരം കാണുക. ഇതൊരു ആശ്വാസവാക്കായി മാത്രം കാണുക. അല്ലാതെ ഞാൻ എന്തു പറയാനാണ്? ഈ സർക്കാർ അല്ലേ ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്തു തരേണ്ടത്. സർക്കാരിന് കൃഷിവകുപ്പ് എന്ന് പറഞ്ഞ് ഒരു വകുപ്പ് ഉണ്ടെന്നു പറഞ്ഞിട്ട് എന്താണ് കാര്യം? 2,000 കോടിയ്‌ക്ക് താഴെ നെല്ല് സംഭരിച്ച് അതിന്റെ മൂന്നിൽ ഒരു ഭാഗം പണം നൽകുന്നത് കേന്ദ്രസർക്കാരാണ്. ആ പണം നേരിട്ട് ഞങ്ങളുടെ അക്കൗണ്ടുകളിലേക്ക് തരാൻ പറഞ്ഞാൽ സംസ്ഥാന സർക്കാർ അതിനു തയ്യാറാകുന്നില്ല. ആ പണം ഇവർ തിരിമറി നടത്തുകയാണ്.

ജയസൂര്യ ഒരു പരിപാടിയിൽ കർഷകരുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചപ്പോൾ അതിന്റെ പേരിൽ ഈ സർക്കാർ എന്നെ ഒരുപാട് തേജോവധം ചെയ്തിട്ടുണ്ട്. ഇപ്പോൾ മരിച്ചുപോയ ആ സഹോദരനെയെങ്കിലും വെറുതെ വിടണം. അയാളുടെ രാഷ്‌ട്രീയവും കുടുംബ ചരിത്രവും ചൂണ്ടിക്കാട്ടി ഇനിയും അദ്ദേഹത്തെ തേജോവധം ചെയ്യരുത്. കൃഷി ആവശ്യമില്ല എന്നു പറഞ്ഞ ഒരു മന്ത്രിയുള്ള നാട്ടിൽ ഞങ്ങൾ എങ്ങനെ കൃഷി ചെയ്യാനാണ്? കൃഷിക്കാരന് കൊടുക്കാനുള്ള പണം കൊടുത്ത് തീർക്കാനുള്ള സാമാന്യമര്യാദയെങ്കിലും ഇവിടുത്തെ സർക്കാർ കാണിക്കണം.”- കൃഷ്ണപ്രസാദ് പറഞ്ഞു.

ഇന്നലെയാണ് കർഷകനായ പ്രസാദ് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൃഷി ചെയ്യാൻ വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. പണം തിരിച്ചടയ്‌ക്കാത്തതിനാൽ സർക്കാർ മറ്റ് വായ്പകളും നൽകാതായി. തുടർന്ന് ഇതിന്റെ വിഷമം കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.

Share
Leave a Comment