മനുഷ്യർക്ക് ഫലപ്രദമായ കണ്ടുപിടുത്തങ്ങൾ ലോകത്തെ അറിയിക്കുന്നതിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. വ്യത്യസ്തതകൾ നിറഞ്ഞ പല കാര്യങ്ങളും ഇതിനോടകം തന്നെ അദ്ദേഹം ലോകത്തെ അറിയിച്ചിട്ടുണ്ട്. അത്തരത്തിൽ ദിവ്യാംഗർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയാവുന്ന ഒരു വാഹനമാണ് അദ്ദേഹം ഇപ്പോൾ പരിചയപ്പെടുത്തുന്നത്.
വീൽ ചെയറുകൾ ഉപയോഗിക്കുന്ന ദിവ്യാംഗർക്ക് അവരുടെ വീൽചെയർ, വാഹനത്തിന്റെ വാതിലിനു മുകളിലുള്ള ഭാഗത്തായി സുരക്ഷിതമായി എടുത്തു വയ്‌ക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. വാഹനം നിർമ്മിച്ച ഡിസൈനറിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് ആനന്ദ് മഹീന്ദ്ര വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
‘ മികച്ചതും ഉപകാര പ്രദവുമായ ഡിസൈൻ. ഞങ്ങളുടെ വാഹനങ്ങളിലും ഇത്തത്തിലുള്ള സംവിധാനം നൽകാൻ സാധിക്കുമെങ്കിൽ അത് അഭിമാനകരമാണ്. എന്നാൽ വൻതോതിലുള്ള ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഓട്ടോ ഒഇഎമ്മിന് ഇത് നിർമ്മിച്ചെടുക്കുക എന്നത് വളരെ പ്രയാസകരമായൊരു കാര്യമാണ്. ഇത്തരത്തിൽ കസ്റ്റമൈസേഷനിൽ പ്രാധാന്യം നൽകുന്ന ഒരു സ്റ്റാർട്ടപ്പ് ആവശ്യമാണ്. അങ്ങനെ ഒന്നു തുടങ്ങിയാൽ ഞാൻ അതിൽ നിക്ഷേപകനാകും.”- ആനന്ദ് മഹീന്ദ്ര കുറിച്ചു.
ദിവ്യാംഗരുടെ വീൽ ചെയർ സുരക്ഷിതമായി ഒരുക്കി വയ്‌ക്കുന്നതിന് വാഹനത്തിൽ ഒരു റൂഫ്‌ടോപ്പ് പോലെയുള്ള നിർമ്മിതിയാണ് നൽകിയിരിക്കുന്നത്. കാറിന്റെ നിർമ്മാണത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.