2007-ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ടെലിവിഷൻ ആലാപന മത്സരത്തിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റിയ ഗായികയാണ് അമൃത സുരേഷ്. ഷോയിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം. പിന്നീട് ആൽബങ്ങളിലും സിനിമകളിലുമെല്ലാം ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറി അമൃത. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ തന്നെയാണ് സുരേഷ് ഗോപിയെന്ന മനുഷ്യൻ അമൃതയുടെ ജീവിതത്തിൽ ഒരു പ്രകാശമായി മാറിയതും. അമൃതയുടെ മുന്നോട്ടുള്ള വളർച്ചയിൽ സുരേഷ് ഗോപിയെന്ന മനുഷ്യന് വളരെ വലിയ പങ്കുണ്ട്. ആ കാലം വളരെ വൈകാരികമായി ഓർത്തെടുക്കുകയാണ് താരം.
ഗരുഡൻ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓർലൈൻ ചാനൽ സംഘടിപ്പിച്ച ഫാൻസ് മീറ്റിനിടെയാണ് സുരേഷ് ഗോപിയുമായുള്ള വ്യക്തിബന്ധത്തെപ്പറ്റി അമൃത സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. “എന്റെ ലൈഫിലേയ്‌ക്ക് സുരേഷ് അങ്കിൽ കടന്നു വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് ഐഡിയ സ്റ്റാർ സിംഗറിൽ ഞാൻ പാടിയപ്പോൾ, പാട്ടിനെനിക്ക് നല്ല മാർക്കായിരുന്നു. പക്ഷെ, കോസ്റ്റ്യൂമിന് മാർക്ക് ഇല്ലായിരുന്നു. അന്ന് അങ്കിളും ആന്റിയും വീട്ടിലേയ്‌ക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, ഇനി കോസ്റ്റ്യൂമിന്റെ പേരിൽ മാർക്ക് കുറയാൻ പാടില്ല, എല്ലാം ഞാൻ നോക്കിക്കോളാം”.
“അവസാനം വരെ അങ്കിളായിരുന്നു എന്റെ സ്‌പോൺസർ. അതിനേക്കാളുപരി എന്റെ അച്ഛന്റെ സ്ഥാനമാണ് സുരേഷേട്ടന്. വെറുതേ സഹായിക്കുകയല്ല അദ്ദേഹം. എന്റേത് എന്ന് പറഞ്ഞ് ചേർത്തു നിർത്തി തന്നെയാണ് ഇടപെടുന്നത്. അദ്ദേഹം എല്ലാവരോടും അങ്ങനെയാണ്. അങ്ങനെ ഒരു ഭാഗ്യവും സ്‌നേഹവും അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളൊരു ആളാണ് ഞാൻ. അങ്കിളെനിക്ക് ജീവനാ. സ്വന്തം മാലയൂരി ഇടിപിച്ച് സുരേഷേട്ടന്റെ ഭാര്യ എന്നെ പെർഫോമൻസിന് വിട്ടിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും എങ്ങനാണോ അതേപോലെ. ഇപ്പോഴും അങ്ങനെയാണ്”- അമൃത സുരേഷ് പറഞ്ഞു.