പ്രകൃതി ദുരന്തങ്ങൾ ഒഴിയാതെ നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഞൊടിയിടയിൽ നേപ്പാളിനെ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ട ഭൂചലനം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഏതാനും മിഥ്യാധാരണകൾ ഇപ്പോഴും നമ്മിൽ പലരും വച്ചു പുലർത്തുന്നുണ്ട്. ഭൂകമ്പവുമായി ബന്ധപ്പെട്ടുള്ള ആ തെറ്റിദ്ധാരണകൾ എന്തെല്ലാമെന്ന് നോക്കാം..
1. ഭൂമിയിൽ നിന്നും ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ഭൂചലനങ്ങൾ സാരമായി ബാധിക്കുകയുള്ളൂ എന്നാണ് നമ്മിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഇത് തെറ്റായ ഒരു ധാരണയാണ്. മറ്റുള്ള ഇടങ്ങളിലും ഇതിനെക്കാൾ ഭൂചലനം രേഖപ്പെടുത്തിയ സന്ദർഭങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്.
2. മൃഗങ്ങൾക്ക് ഭൂകമ്പം മുൻകൂട്ടി കാണാൻ കഴിവ് ഉണ്ട്. ഇത് പൂർണമായി നമുക്ക് പിന്തള്ളി കളയാൻ സാധിക്കില്ലെങ്കിലും ഇതിലും പകുതി മിഥ്യാധാരണകളാണുള്ളത്. മൃഗങ്ങൾക്ക്, പ്രത്യേകിച്ച് നായകൾക്ക് മനുഷ്യന്റെ ചെവികളിൽ പതിയുന്ന ശബ്ദത്തെക്കാൾ കുറഞ്ഞ അളവിലുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയുമെങ്കിലും ഭൂചലനത്തിന് ദിവസങ്ങൾ മുന്നേ അവർക്കിത് മുൻകൂട്ടി കാണാൻ സാധിക്കുമെന്നത് തെറ്റായ ധാരണയാണ്.
3. ചില ഋതുഭേതങ്ങളിൽ മാത്രമേ ഭൂകമ്പം ഉണ്ടാകൂവെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ അതും തെറ്റാണ്. ഭൂചലനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം.
4. ചെറിയ ഭൂകമ്പങ്ങൾ എപ്പോഴും വലിയ ഭൂകമ്പങ്ങൾക്ക് മുന്നോടിയായി വന്നേക്കാം. ഇത് ചില പ്രദേശത്തുണ്ടായ ഭൂകമ്പങ്ങളിൽ നടന്നുവെങ്കിലും എല്ലായിപ്പോഴും ഇങ്ങനെ സംഭവിക്കണമില്ലെന്നും വിദഗ്ധർ പറയുന്നു.