കോഴിക്കോട്: ഗാസയിൽ നടക്കുന്നത് യുദ്ധമല്ല, ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വലിയ ഭീകര രാഷ്‌ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. പാലസ്തീന് ഒപ്പമാണ് സിപിഎം എന്നും. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിന് നിഷ്പക്ഷത ഇല്ലെന്നും പറഞ്ഞാണ് ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധത്തിൽ ഹമാസിന് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചത്. കോഴിക്കോട് നടന്ന സിപിഎം പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണ്. അമേരിക്കയുടെ സഖ്യരാഷ്‌ട്രമായി ബിജെപി ഇന്ത്യയെ മാറ്റി. രാജ്യത്തെ ജനങ്ങൾ പാലസ്തീനൊപ്പമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പാലസ്തീനൊപ്പം നിൽക്കാത്തവരെ ഈ ഐക്യദാർഢ്യ പരിപാടികൾ തിരുത്തുമെന്നും ഐക്യരാഷ്‌ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതിലൂടെ ലോകത്തിന് മുന്നിൽ രാജ്യം അപമാനിക്കപ്പെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഎം റാലിയിൽ വച്ച് ഇസ്രായേലിന് മുഖ്യമന്ത്രി താക്കീതും നൽകി. പാലസ്തീൻ പ്രദേശത്ത് നിന്നും ഇസ്രായേൽ വിട്ടു പോകണമെന്നും വെടി നിർത്തൽ നടപ്പാക്കണമെന്നും കോഴിക്കോട്ട് നടന്ന റാലിയിൽ വച്ച് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ മണ്ണിൽ ഇത്തരം റാലി നടക്കുന്നുവെന്നത് പ്രത്യേകതയുള്ള കാര്യമാണ്. പല ദേശങ്ങളിലും ഇല്ലാത്ത മനുഷ്യത്വ പ്രതികരണം ഉണ്ടായ സ്ഥലമാണിതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.