എറണാകുളം: കളമശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾക്ക് കൂടി ദാരുണാന്ത്യം. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ ( 45) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 5 ആയി. നേരത്തെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച 12 വയസുകാരി ലിബ്‌നയുടെ അമ്മയാണ് സാലി പ്രദീപൻ. ഇവരുടെ മക്കളായ പ്രവീണും രാഹുലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഈ മാസം നാലിനാണ് ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. 12 വയസുകാരിക്ക് സ്‌ഫോടനത്തിൽ 95 ശതമാനം പൊള്ളൽ ഏറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ലിബ്‌ന മരിച്ചത്. കുട്ടി മരണപ്പെട്ട് 6 ദിവസങ്ങൾക്ക് ശേഷമായിരുന്നു പിതാവ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ചികിത്സയിലിരിക്കുന്ന മറ്റ് മക്കൾക്കും ഭാര്യയ്‌ക്കും മകളെ ഒരു നോക്ക് കാണാൻ സാധിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നീട്ടി വച്ചിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ നാലിന് സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നു.
സാലിയും മക്കളായ ലിബ്‌ന, രാഹുൽ, പ്രവീൺ തുടങ്ങിയവരും ഒരുമിച്ചാണ് സമ്മേളനത്തിന് എത്തിയത്. സ്‌ഫോടനത്തിൽ 4 പേർക്കും ഗുരുതരമായി പരിക്കേറ്റു. മക്കളെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ സാലിയും ഇപ്പോൾ വിടവാങ്ങിയിരിക്കുകയാണ്.















