ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ മയക്കുമരുന്നുമായി 5 മ്യാന്മർ വംശജർ പിടിയിൽ. ഇവരുടെ പക്കൽ നിന്നും 18 കോടി വിലമതിപ്പുള്ള ഹെറോയിനും 1 കോടി രൂപയിലധികം കള്ളപ്പണവും പിടിച്ചെടുത്തതായി അസാം റൈഫിൾ ഉദ്യോഗസ്ഥർ അറിയിച്ചു.
അസാം റൈഫിളിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്. ചമ്പായി ജില്ലയിൽ മൂന്ന് സംഘമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്നും 2.61 കിലോഗ്രാമിലധികം മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതിന്റെ വിപണി മൂല്യം 18 കോടി രൂപയിലധികമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 500, 200, 100, 50 എന്നീ നോട്ടുകളുടെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് മറ്റു നിയമ നടപടികൾക്കായി ചമ്പൈ പോലീസിനു കൈമാറി.