ജയ്പൂർ: രാജസ്ഥാനിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ടെർമിനേഷൻ ലെറ്റർ ജയ്പൂർ റേഞ്ച് ഐജി ഉമേഷ് ദത്ത നൽകിയതായി ഡിജിപി ഉമേഷ് മിശ്ര അറിയിച്ചു.
സംഭവത്തിൽ എസ്‌ഐയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയ്‌ക്കെതിരെ പോക്‌സോ വകുപ്പുകളും പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് എസ്‌ഐയ്‌ക്കെതിരെ പിരിച്ചുവിടൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഭൂപേന്ദ്ര സിംഗ് നിർബന്ധിച്ച് സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവായ കോൺസ്റ്റബിൾ പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയപ്പോൾ എഎസ്ഐയും കോൺസ്റ്റബിളും ചേർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്. തുടർന്ന് സ്ത്രീകളുൾപ്പെടെയുള്ളവർ സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയും എസ്‌ഐയെ മർദ്ദിക്കുകയും ചെയ്തിരുന്നു.















