തിരുവനന്തപുരം: നെല്ലിന് വിലയായി ഇനി പി.ആർ.എസ് വായ്പ വേണ്ടെന്ന് കർഷകർ. ആലപ്പുഴ തകഴിയിൽ പി.ആർ.എസ് വായ്പ കെണിയിൽപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കർഷകർ രംഗത്തെത്തിയത്. നൽകുന്ന നെല്ലിന് രൊക്കം പണം നൽകുന്ന സമ്പ്രദായം വരണമെന്നാണ് കർഷകരുടെ ആവശ്യം.
നൽകുന്ന നെല്ലിന് വായ്പയായി പണം നൽകുന്ന രീതിയെ നേരത്തെ മുതൽ കർഷകർ എതിർക്കുന്നുണ്ട്. സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സർക്കാർ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെൽവില നൽകാൻ പി.ആർ.എസ് വായ്പാ രീതി തുടർന്നിരുന്നത്. സർക്കാരിന്റെ ഗാരന്റിയിലാണ് ജനങ്ങൾക്ക് വായ്പ ലഭിച്ചിരുന്നത്. പി.ആർ.എസ് ഹാജരാക്കിയാൽ ബാങ്കിൽ നിന്ന് അതിവേഗം പണം ലഭിച്ചിരുന്നതിനാൽ കർഷകർ ആദ്യം എതിർത്തിരുന്നില്ല. എന്നാൽ ഈ വായ്പ നിലനിൽക്കെ മറ്റ് ആവശ്യങ്ങൾക്കായി ലോണെടുക്കാൻ ബാങ്കുകളിൽ എത്തുമ്പോഴാണ് കർഷകർ കെണിയിലാകുന്നത്.
പിആർഎസ് വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്കുകൾ മറ്റ് വായ്പകൾ പ്രസാദിന് നിഷേധിച്ചിരുന്നു. താൻ പരാജയപ്പെട്ടു പോയെന്നും ആത്മഹത്യയ്‌ക്ക് മുമ്പ് അദ്ദേഹം പറഞ്ഞു. 25,000 രൂപയുടെ ലോണായിരുന്നു പ്രസാദിന് ബാങ്കിൽ ഉണ്ടായിരുന്നത്. എന്നാൽ അത് അദ്ദേഹം അടച്ചു തീർത്തിരുന്നു. ഇതിനുപുറമെ സർക്കാർ നെല്ല് സംഭരിച്ചതിന്റെ 5 ലക്ഷം രൂപയാണ് കുടിശ്ശിക വകയായി നൽകാനുണ്ടായിരുന്നത്. ഇത് അടച്ചു തീർക്കാത്തതിനാൽ മറ്റു വായ്പകൾ കർഷകന് നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്.















