എറണാകുളം; കൊറിയർ സർവീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമൽ പപ്പടവട’ എന്ന അമൽ വീണ്ടും അറസ്റ്റിൽ. ടൗൺ സൗത്ത് പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിൽ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു.
കൊറിയർ സർവീസ് വഴി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമൽ. ബെംഗളൂരുവിൽ നിന്ന് അമിതമായ അളവിൽ ലഹരിമരുന്ന് കൊറിയർ സർവീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വയ്‌ക്കുകയും തുടർന്ന് ഇതിന്റെ ഫോട്ടോ എടുത്ത് ഇടപാടുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്യും.
പിന്നീട് ഇടപാടുകാർ എത്തി ലഹരിമരുന്ന് എടുത്ത ശേഷം പണം ഓൺലൈൻ വഴി കൈപ്പറ്റും. ഇതാണ് അമലിന്റെ രീതി എന്ന് പോലീസ് പറഞ്ഞു. എന്നാൽ നേരത്തെ പ്രതിയും ഭാര്യയും ചേർന്ന് എറണാകുളം എംജി റോഡിൽ ‘പപ്പടവട’ എന്ന ഹോട്ടൽ നടത്തിയിരുന്നു. കടബാധ്യത വന്നതോടെ ഹോട്ടൽ ഉപേക്ഷിക്കുകയും ശേഷം ലഹരി ഇടപാടുകളിലേക്ക് കടക്കുകയുമായിരുന്നു.
അതേസമയം സമാനമായ കേസിൽ 2022 ഓഗസ്റ്റിലും അമൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.















