വരാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് അതിന് പ്രധാന കാരണവും. നവാഗതനായ ഡിനോ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വീണ്ടും സോഷ്യൽ മീഡിയയ്‌ക്ക് തീ പടർത്തി കൊണ്ട് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ബസൂക്കയുടെ അണിയറ പ്രവർത്തകർ.
വളരെ സ്റ്റൈലിഷായാണ് ബസൂക്കയുടെ പുതിയ പോസ്റ്ററിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് പോണി ടെയ്ൽ സ്റ്റൈലിൽ മുടിയും നീട്ടിയാണ് മമ്മൂട്ടിയുടെ ലുക്ക്. ക്രൈം ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രത്തിൽ നിരവധി ഗെറ്റപ്പുകളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ‘ബസൂക്ക’ എത്തുന്നതെന്നും വാർത്തകളുണ്ട്.
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സരിഗമ ഫിലിം സ്റ്റുഡിയോയും യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ് ബസൂക്ക നിർമ്മിക്കുന്നത്.
ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ്-നിഷാദ് യൂസഫ്, സംഗീതം, പശ്ചാത്തല സംഗീതം- മിഥുൻ മുകുന്ദൻ എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. 2024-ൽ ചിത്രം റിലീസ് ചെയ്യും.















