എൻഡോസൾഫാൻ ഇരകൾക്ക് ആംബുലൻസ് നൽകുമെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞു; ആശ്വാസമേകാൻ സായി ട്രസ്റ്റ്

Published by
Janam Web Desk

കാസർകോട്: എൻഡോസൾഫാൻ ബാധിതർക്ക് ഇനി 24 മണിക്കൂറും ആംബുലൻസ് സർവ്വീസ് ലഭ്യമാകും. അതും ഐ.യു. ആംബുലൻസ്. ഇൻഡോസൾഫാൻ രോഗബാധിതർക്കായി കേരളാ സർക്കാർ ആംബുലൻസ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഈ വാഗ്ദാനം ജലരേഖയായി മാറിയപ്പോഴാണ് സായി ട്രസ്റ്റ് ആംബുലൻസ് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മരിച്ച 14 കാരൻ മിഥുന് വിദഗ്ധ ചികിത്സ തേടാൻ മണിപ്പാലിലേക്ക് കൊണ്ടു പോകാൻ സർക്കാർ സൗജന്യ ആംബുലൻസ് വിട്ടു നൽകിയിരുന്നില്ല. ഇതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ ആംബുലൻസ് എന്ന ജനങ്ങളുടെ ആഗ്രഹം സഫലമാക്കിയത്.

കാസർകോട് സംഘടിപ്പിച്ച ചടങ്ങിൽ ട്രസ്റ്റ്ആംബുലൻസിന്റെ താക്കോൽ കൈമാറി. ഇതോടെ അസുഖ ബാധിതർക്ക് രോഗം മൂർഛിച്ചാൽ മംഗലാപുരം വരെ ഇനി സൗജന്യമായി എത്താൻ സാധിക്കും. തങ്ങൾക്ക് അടിസ്ഥാനപരമായ ഒരു ആവശ്യം നിറവേറ്റി കിട്ടിയതിനെ സന്തോഷത്തിലാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾ.

കഴിഞ്ഞ കുറെ മാസങ്ങളായി സർക്കാരിന്റെ ആംബുലൻസ് സർവീസ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. പുതിയ ആംബുലൻസ് ലഭ്യമായതോടെ രോഗികളുമായി ആശുപത്രിയിലേയ്‌ക്ക് പോകുന്നതിനിടെ എന്തെങ്കിലും സംഭവിച്ചാൽ ആംബുലൻസിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകാൻ സാധിക്കും. ഇത്തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ആംബുലൻസിൽ സജ്ജമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ട്രസ്റ്റ് ആംബുലൻസിനായി ചിലവിട്ടിരിക്കുന്നത്.

 

Share
Leave a Comment