പാലക്കാട്: അവസാനമില്ലാതെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ക്രൂരത. സംസ്ഥാനത്ത് സംഭരണത്തിന് നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. ഈ വകയിൽ 30 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാനുള്ളത്. അവസാനഘട്ടത്തിൽ 24,300 കർഷകർക്കാണ് പണം നൽകാനുണ്ടായിരുന്നത്. സപ്ലൈകോയുമായി കരാർ ഒപ്പിട്ട എസ്ബിഐയും കനറാ ബാങ്കുമാണ് ഈ തുക നൽകേണ്ടത്.
പണം കിട്ടാനുള്ള കർഷകരിൽ 17,660 പേർ പാലക്കാട് ജില്ലയിലും 6,640 പേർ ആലപ്പുഴ, കോട്ടയം ജില്ലകളിലും നിന്നുള്ളവരാണ്. അതിൽ പാലക്കാട് 1900 കർഷകർക്കും മറ്റ് രണ്ട് ജില്ലകളിലുമായി 1,700 പേർക്കുമാണ് ഇനി നെല്ലുവില കിട്ടാനുള്ളത്.
പിആർഎസ് വായ്പയായി നെല്ലുവില വേണ്ടെന്നും നേരിട്ട് തുക കിട്ടണമെന്നുമാണ് ഒരു കൂട്ടം കർഷകരുടെ ആവശ്യം. അക്കാരണത്താൽ കർഷകർ തുക കൈപ്പറ്റുന്നില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. നെല്ലുവില വായ്പയായി അല്ലാതെ സപ്ലൈകോ നേരിട്ട് നൽകണമെന്ന് ആവശ്യമുന്നയിച്ച് ചില കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവർക്ക് തുക നൽകി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈകോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.