ഹൈദരാബാദ്: വരുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ, പാർട്ടി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി. സംസ്ഥാനം ഭരിക്കുന്ന ബിആർഎസിന്റെ കൊള്ളരുതായ്മകളും ദുഷ്പ്രവർത്തികളും കോൺഗ്രസുകാർ ധൈര്യപൂർവ്വം തുറന്നു കാട്ടണമെന്നും രേവന്ത് റെഡ്ഡി പറയുന്നു.
” ഈ തിരഞ്ഞെടുപ്പിൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ കോൺഗ്രസുകാർക്കെതിരെ ഇതുവരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കും. ബിആർഎസിന്റെ ജനദ്രോഹ നയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടണം. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് എല്ലാ പാർട്ടികളും കൈ കോർത്തിരിക്കുന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പ്രധാനമന്ത്രി നരേന്ദ്രമോദി, എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി തുടങ്ങീ എല്ലാവരും കോൺഗ്രസിനെതിരെയാണ് പ്രചാരണം നടത്തുന്നതെന്നും” രേവന്ത് റെഡ്ഡി ആരോപിച്ചു.
ഈ മാസം 30നാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ബിആർഎസും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ 119ൽ 88 സീറ്റുകൾ നേടിയാണ് ബിആർഎസ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയത്.















