ബേസിൽ വളരെ ഇന്റലിജൻസ് ആണെന്ന് നടൻ ജഗദീഷ്. മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാൽ ചെയ്യില്ല എന്നു തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. അത് പറയാനുള്ള കഴിവാണ് ഇന്റലിജൻസെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ഇരുവരുടേയും പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ജഗദീഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ബേസിലിനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്റലിജന്റ് ആണ്. ബേസിൽ എല്ലാ റോളും സ്വീകരിക്കുന്നില്ല. ഇപ്പോൾ ഒരു പടത്തിൽ മമ്മൂക്കയുടെ ഡേറ്റ് ഇല്ല, ബേസിലിനെ സമീപിച്ചാലോ എന്ന് കരുതിയാൽ ബേസിൽ അപ്പോൾ അയ്യോ ഞാനില്ല എന്ന് പറയും . അത് പറയാനുള്ള കഴിവ് ഇന്റലിജൻസ് ആണ്. ഞാൻ വേറൊരു രീതിയിൽ ചെയ്ത് നോക്കാം എന്ന് പറയില്ല.
എല്ലാ റോളും വലിച്ച് വാരി ചെയ്യില്ല. എന്ന് കരുതി ഒരു ആക്ഷൻ പടം ചെയ്ത് കൂടാ എന്നില്ല. പക്ഷേ അത് ബേസിലിന് പറ്റിയ ആക്ഷൻ പടം ആയിരിക്കണം. ഇപ്പോൾ മോഹൻലാൽ ചെയ്യേണ്ട ഒരു പടം എന്നെ വച്ച് പരീക്ഷിക്കാം എന്ന് പറഞ്ഞാൽ എനിക്ക് പേടിയാണ്. അവരവർക്ക് അനുയോജ്യമായിട്ടുള്ള കഥാപാത്രമാണെന്നത് വളരെ പ്രധാനമാണ്. അതിനകത്ത് വ്യത്യസ്‌തത കൊണ്ടുവരിക എന്നതാണ് പ്രധാനം. പാൽതു ജാൻവറിലെ കഥാപാത്രമല്ല ജയ ജയ ജയ ജയ ഹേയിൽ.’ ജഗദീഷ് പറഞ്ഞു.