മലയാളത്തിന്റെ സ്വന്തം മോഹൻ ലാൽ നായകനായി എത്തുന്ന ‘നേര്’ സിനിമയുടെ പുതിയ വിശേഷങ്ങൾ കാത്തിരിക്കുകയാണ് ആരാധകർ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫാൻസ് ഷോ ഏതെല്ലാം തിയറ്ററുകളിലാണ് നടക്കുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
‘ നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെ വലിയ ആരവങ്ങളൊന്നും ഇല്ലാതെ പുറത്തിറങ്ങുന്ന മോഹൻ ലാൽ-ജീത്തു ജോസഫ് ചിത്രം നേരിന്റെ ഫാൻസ് ഷോകൾ തിരുവനന്തപുരം- ന്യൂ, കോട്ടയം- അഭിലാഷ്, തൃശൂർ- തൃശൂർ എന്നീ തിയറ്ററുകളിലാകും പ്രദർശം ചെയ്യുക. ഡിസംബർ 21-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി യഥാർത്ഥ ജീവിതത്തിലും ഇവർ അഭിഭാഷകയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായഗ്രഹണം. വിഷ്ണു ശ്യാം ചിത്രത്തിന് സംഗീത സംവിധാനവും ഒരുക്കുന്നു. എപ്പോഴും മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന മോഹൻ ലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പിറക്കുന്ന കോർട്ട് റൂം ഡ്രാമയായ നേരിനായി കാത്തിരിക്കുകയാണ് ആരാധകർ.















