ഡൽഹി: ദുർബലരായ വനവാസി വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 24,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ‘ജൻജാതിയ ഗൗരവ് ദിവസ്’ പ്രമാണിച്ച് നവംബർ 15-ന് ത്സാർഖണ്ഡിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ചാണ് പദ്ധതികളുടെ ഉദ്ഘാടനം നടക്കുക. പിവിടിജി ഡെവലപ്മെന്റ് മിഷൻ വനവാസികളുടെ ശാക്തീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
2023-24 ബജറ്റിൽ, ദുർബലരായ വനവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായികേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ത്സാർഖണ്ഡിൽ ജനിച്ച ആദരണീയ ഗോത്ര യോദ്ധാവ് ബിർസ മുണ്ടയുടെ ജന്മദിനം ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കുമെന്ന് 2021-ലാണ് നരേന്ദ്രമോദി സർക്കാർ അറിയിച്ചത്. 220 ജില്ലകളിലായി 22,544 ഗ്രാമങ്ങളിലായി 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ദുർബലരായ വനവാസി വിഭാഗങ്ങളിലായി 28 ലക്ഷത്തോളം ജനങ്ങളാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വനവാസി വിഭാഗങ്ങൾ പെട്ടന്ന് കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്, പ്രത്യേകിച്ചും ഉൾ വനപ്രദേശങ്ങളിൽ. അതിനാൽ റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന അവസരങ്ങൾ എന്നിവ ഒരുക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.