ന്യൂഡൽഹി: മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നു. അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വ്യോമാക്രമണം ശക്തമാക്കിയതോടെ പരിക്കേറ്റവരുൾപ്പെടെയുള്ള 1000-ത്തോളം പേർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അതിർത്തി പ്രദേശമായ മിസോറമിലേക്കാണ് ജനങ്ങൾ അഭയം പ്രാപിക്കുന്നത്.
വ്യോമാക്രമണത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 20 പേർക്ക് മാനുഷിക പരിഗണനയിൽ ഇന്നലെ മിസോറമിലെ ചമ്പായ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. മ്യാൻമറിലെ മിസോറമിനോടു ചേർന്ന ചിൻ സംസ്ഥാനത്താണ് ആക്രമണം ശക്തമായത്.
റിഖാവ്ധാർ ഗ്രാമത്തിലെ ഒരു സൈനിക പോസ്റ്റ് വിമതസംഘടന പിടിച്ചെടുത്തതോടെയാണ് വ്യോമാക്രമണം ശക്തമാക്കിയത്. 2020 ൽ സൈന്യം അധികാരം പിടിച്ചെടുത്തതോടെ ഓംഗ് സാൻ സുചിയുടെ രാഷ്ട്രീയപാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ എംപിമാരും എംഎൽഎമാരും പ്രവർത്തകരുമുൾപ്പെടെ 30,000 പേർ മിസോറമിൽ അഭയം തേടിയിരുന്നു.