ലക്നൗ: രാമക്ഷേത്രം രാജ്യത്തിന് സമർപ്പിക്കുന്നതിനൊപ്പം തന്നെ മുഖം മിനുക്കാനൊരുങ്ങുകയാണ് അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ. പ്രതിദിനം
50,000 ആളുകൾ ഉൾക്കൊള്ളിക്കാൻ കഴിയും വിധത്തിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് നവീകരണമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.
രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെയിൽവേ സ്റ്റേഷന്റെ വാസ്തുവിദ്യ. താഴെത്തെ നിലയ്‌ക്ക് പുറമേ പുതുതായി രണ്ട് നില കെട്ടിടം നിർമ്മിക്കും. ഇതോടെ 3,645 ചതുരശ്ര മീറ്റർ വിസ്തൃതിയാകും അയോദ്ധ്യ റെയിൽവേ സ്റ്റേഷനുണ്ടാകുക. മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമുകളും അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഷനിലുണ്ടാകും. ആറ് മീറ്റർ വീതിയുള്ള രണ്ട് ഫുട്-ഓവർ ബ്രിഡ്ജുകളും സ്ഥാപിക്കും.
പ്രതികൂല കാലാവസ്ഥയിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി സ്റ്റേഷനിൽ പ്രത്യേക സൗകര്യമുണ്ടായിരിക്കും. യാത്ര പുറപ്പെടുന്നവർക്കും വന്നിറങ്ങുന്നവർക്കും പ്രത്യേക ഇടമാകും ഉണ്ടാകുക. 12 ലിഫ്റ്റുകൾ, 14 എസ്കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, കഫറ്റീരിയ, വിശ്രമയിടം എന്നിവയും യാത്രക്കാർക്കായി റെയിൽവേ സ്റ്റേഷനിലൊരുക്കുമെന്നാണ് വിവരം. നവീകരിച്ച റെയിൽവേ സ്റ്റേഷൻ ജനുവരി 22-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.















