എറണാകുളം: എട്ടുവയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാക്കൾ. അച്ഛനൊപ്പം കടയിലെത്തിയ പെൺകുട്ടി കാറിൽ ഇരിക്കവെയാണ് ബൈക്കിൽ എത്തിയ യുവാക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
ഇന്നലെ എറണാകുളം കിഴക്കമ്പലം താമരച്ചാൽ ഭാഗത്ത് വച്ചായിരുന്നു സംഭവം. പെൺകുട്ടി കരഞ്ഞതോടെ യുവാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി. അപ്പോഴേക്കും പെൺകുട്ടി ബോധംകെട്ട് വീണിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതായും പെൺകുട്ടി ഈ യുവാവിനെ തിരിച്ചറിഞ്ഞതായും തടിയിട്ടപറമ്പ് പോലീസ് അറിയിച്ചു. ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് പോലീസ് പറഞ്ഞു.















