തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി പോലീസിനുള്ള ചെലവ് തുകയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം അധിക തുക ചെലവായിട്ടില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തുക വെട്ടിക്കുറച്ചത്. കൂടുതൽ തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ അപ്രതീക്ഷിത ചെലവുകൾക്കായി സംസ്ഥാന പോലീസ് മേധാവി തുക ആവശ്യപ്പെട്ടിരുന്നു. 50 ലക്ഷം രൂപയാണ് മണ്ഡലകാലത്തെ ചെലവുകൾക്കായി ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടത്.
എന്നാൽ 50 ലക്ഷം രൂപ ഡിജിപി ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് അനുവദിച്ചത് 20 ലക്ഷം രൂപ മാത്രമാണ്. മുൻവർഷങ്ങളിൽ അപ്രതീക്ഷിത ചിലവുകൾ ഉണ്ടായിട്ടില്ല എന്നും ഈ ചെലവുകൾക്ക് അധിക തുക വകയിരുത്തേണ്ടതില്ലെന്നുമാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. കൂടാതെ തുക പിൻവലിക്കുന്നതിന് മുന്നോടിയായി കണക്കുകൾ പുനഃക്രമീകരിക്കുകയും വേണമെന്നും നിബന്ധന വയ്‌ക്കുന്നുണ്ട്.
അതേസമയം സംസ്ഥാന സർക്കാരിന്റെ അനാവശ്യ ചെലവുകൾക്കായി പണം ധൂർത്തടിക്കുമ്പോഴാണ് ശബരിമലയിൽ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരുടെ ചെലവ് വെട്ടിച്ചുരുക്കുന്നത്. മുൻ വർഷത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ ഇത്തവണ എത്തുമെന്നാണ് സർക്കാരിന്റെ തന്നെ കണക്ക്. ഈ തിരക്കുകൂടുന്ന സാഹചര്യത്തിൽ അടിയന്തര സഹായം, ഭക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന തുക മതിയാകാതെ വരും. ഈ സാഹചര്യങ്ങളൊന്നും കണ്ടില്ലെന്ന് നടിയ്‌ക്കുകയാണ് സർക്കാർ.