വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ജീവികൾ തിരിച്ച് വരുമോ? മൺമറഞ്ഞുപോയ ജീവികളുടെ തിരിച്ചു വരവിനുള്ള സാധ്യതകൾ പൂർണമായും തള്ളി കളയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ ഓസ്‌ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. 42 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും പൂർണമായി ഇല്ലാതായ ഒരു പല്ലിവർഗത്തെയാണ് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
മൺമറഞ്ഞുപോയ പല ജീവികളെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞരെ ഞെട്ടിച്ചുകൊണ്ടാണ് 1981-ൽ വംശനാശം സംഭവിച്ചെന്ന് കരുതപ്പെടുന്ന ‘ലിയോൺസ് ഗ്രാസ്ലാൻഡ് സ്‌ട്രൈപ്പ് സ്‌കിന്ക്’ എന്ന പല്ലിവർഗത്തെ വിദഗ്ധർ വീണ്ടും കണ്ടെത്തിയത്. കാഴ്ചയിൽ പാമ്പിനെ പോലെ തോന്നിക്കുന്ന ഈ പല്ലികൾ 42 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ചിരുന്നതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഓസ്‌ട്രേലിയയിലെ കെയ്ൻസിൽ നിന്ന് 300 കിലോമീറ്റർ തെക്കായി മൗണ്ട് സർപ്രൈസിനടുത്തുള്ള 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ കെണികൾ സ്ഥാപിച്ചു നടത്തിയ തിരച്ചിലിലാണ് മൂന്ന് ലിയോൺസ് ഗ്രാസ്ലാൻഡ് സ്‌ട്രൈപ്പ് സ്‌കിന്കിനെ ഗവേഷകർ കണ്ടെത്തിയത്.
പാമ്പിനോട് സാദൃശ്യമുള്ള ഇവയ്‌ക്ക് മണ്ണിലൂടെ ഇഴഞ്ഞു നീങ്ങുന്നതിനായി പ്രത്യേക കൈക്കാലുകളുണ്ട്. നീണ്ട വാലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. പണ്ടുക്കാലത്ത് കർഷകരുടെ ഉറ്റ മിത്രങ്ങളായിരുന്നു ഈ പല്ലികൾ. 42 വർഷങ്ങൾക്ക് ശേഷം ഈ ഉരഗങ്ങൾ തിരിച്ചുവന്നത് എങ്ങനെയെന്നുള്ള പഠനത്തിലാണ് ഇപ്പോൾ ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ പല ജീവികളും ഇത്തരത്തിൽ തിരിച്ചുവരുമോ എന്ന ആശങ്കയും ഇപ്പോൾ ശാസ്ത്രജ്ഞമാരിൽ ഉടലെടുത്തിയിരിക്കുകയാണ്.















