തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷയരോഗം ബാധിച്ച് മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ക്ഷയരോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതുവരെ 25000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം പേർ മരണപ്പെട്ടു.
2020 ൽ പ്രതിവർഷം ശരാശരി 18000 പേർക്ക് രോഗബാധയും 1500 പേർ മരണപ്പെടുകയും ചെയ്തു. 2021 ൽ 1817 പേർ മരണപ്പെട്ടു. കേരളത്തിൽ ലക്ഷത്തിൽ 67 പേർക്ക് രോഗം ഉണ്ടെന്നാണ് കണക്ക്. ജനസാന്ദ്രത ഉയർന്നതും വിവിധ ഭാഷാ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നതുമൊക്കെ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ ആണെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. 2025 ൽ ക്ഷയരോഗമുക്ത സംസ്ഥാനമാകും കേരളമെന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രഖ്യാപനം. ക്ഷയ രോഗത്തിനൊപ്പം പകർച്ചവ്യാധികൾ പടരുന്നതും മരണ നിരക്ക് ഉയരുന്നതും ആരോഗ്യ മേഖലയുടെ വീഴ്ചയാണെന്നാണ് ഉയരുന്ന വിമർശനം.















