അഹമ്മദാബാദ്: ലോകകപ്പ് വിജയികളെ കാത്തിരിക്കുന്ന ആ വമ്പൻ സമ്മാനത്തുക എത്രയാണ്? ആരാധകർക്ക് അറിയാൻ ആഗ്രഹമുളള ഒരു കാര്യമാണിത്. ഐസിസി ഔദ്യോഗികമായി ലോകകപ്പിന് മുമ്പേ വിജയികളെ കാത്തിരിക്കുന്ന സമ്മാനത്തുകയെ പറ്റിയുളള വിശദാംശങ്ങൾ പുറത്ത് വിട്ടിരുന്നു. ലോകകപ്പിലെ സമ്മാനത്തുകയായി ആകെ 10 മില്യൺ ഡോളർ(ഏകദേശം 84 കോടി രൂപ) ആണ് ഐസിസി വിതരണം ചെയ്യുക.
ലോകകീരിടത്തിൽ മുത്തമിടുന്ന ടീമിനെ കാത്തിരിക്കുന്നത് നാല് മില്യൺ ഡോളർ(ഏകദേശം 33.29 കോടി രൂപ) ആണ്. റണ്ണറപ്പുകൾക്ക് 16.64 കോടി രൂപയും സെമിയിൽ പുറത്താവുന്ന ടീമുകൾക്ക് 6.65 കോടി രൂപ വീതവും സമ്മാനത്തുകയായി ലഭിക്കും. സെമി പ്രവേശനം ലഭിക്കാത്ത ടീമുകൾക്കും ലക്ഷങ്ങളാണ് സമ്മാനത്തുകയായി ലഭിക്കുക. 83.23 ലക്ഷം രൂപ വീതമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ടൂർണമെന്റിൽ നിന്ന് പുറത്തായ ടീമുകൾക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകൾക്ക് സമ്മാനത്തുകയായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ 9 മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് സമ്മാനത്തുകയായി മൂന്ന് കോടിയാണ് ലഭിക്കുക.















