ടെൽഅവീവ്: ഇസ്രായേലിനെ ഉപദേശിക്കാൻ എത്തിയ കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് രൂക്ഷമായ മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുട്ടികൾ മരണപ്പെടുന്നു എന്ന് ട്രൂഡോയുടെ പരാമർശത്തിന് മറുപടിയായാണ് നെതന്യാഹുവിന്റെ വാക്കുകൾ. ഉത്തരവാദികൾ ഹമാസാണ് അല്ലാതെ ഇസ്രായേൽ അല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇസ്രായേൽ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കുന്നില്ലെന്നും അവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ അവർക്ക് ദോഷകരമായി തുടരുന്നത് ഹമാസാണ്. ഗാസയിലെ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും സാധാരണക്കാർക്ക് വേണ്ടി ഇസ്രായേൽ നൽകുമ്പോൾ, തോക്കിന് മുനയിൽ നിർത്തി ഒഴിഞ്ഞുപോകാൻ അനുവദിക്കാതെ അവരെ തടയുന്നത് ഹമാസാണെന്നും ദുരിതത്തിന് ഉത്തരവാദികളാക്കേണ്ടത് ഹമാസിനെയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഹോളോകോസ്റ്റിനുശേഷം ജൂതന്മാർക്ക് നേരെ നടന്ന ഏറ്റവും മോശമായ ഭീകരാക്രമണത്തിൽ സാധാരണക്കാരുടെ തലവെട്ടുകയും അവരെ കത്തിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തത് ഹമാസാണെന്നും നെതന്യാഹു പറഞ്ഞു.