മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയതാരങ്ങളായി മാറിയ താരങ്ങളാണ് ശ്രീകുമാറും സ്‌നേഹയും. നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ഇരുവരും മലയാളി പ്രേക്ഷകർക്ക് ശ്രദ്ധേയരാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ ഇരുവരുടെയും ജീവിതത്തിൽ ഒരു കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് താരങ്ങൾ. ഇപ്പോഴിതാ പ്രസവ ശേഷം തനിക്ക് നേരിടേണ്ടി വന്ന മോശം അവസ്ഥയെ കുറിച്ച് പറയുകയാണ് സ്‌നേഹ. ഇക്കാര്യം പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
ഭർത്താവും ഭാര്യയും പ്രസവ ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഞാൻ ഗർഭിണിയായിരുന്നപ്പോഴും, പ്രസവം കഴിഞ്ഞതിന് ശേഷവും നേരിടേണ്ടിവന്ന ചില കാര്യങ്ങളാണ് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. ഗർഭിണിയായിരുന്നപ്പോൾ ഇഷ്ടമുള്ളതെല്ലാം ഞാൻ ചെയ്തിരുന്നത്. അന്നൊക്കെ ഞാൻ വളരെ സന്തോഷവതിയാണെന്ന് എല്ലാവരും കരുതിയിട്ടുണ്ടാകും. എന്നാൽ അങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചിലപ്പോൾ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാൽ പ്രശ്‌നങ്ങൾ എങ്ങനെയാണ് ഞങ്ങൾ മറികടക്കേണ്ടതെന്ന് തനിക്കും ഭർത്താവ് ശ്രീകുമാറിനും ശരിക്കും വ്യക്തതയില്ലായിരുന്നു. തുടക്ക സമയത്ത് താൻ എന്ത് പ്രശ്‌നമുണ്ടായാലും കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളും തന്നെ സങ്കടപ്പെടുത്തുമെന്നും എന്തിനാണ് താൻ വഴക്കിടുന്നത് എന്നൊക്കെ ഭർത്താവ് ശ്രീകുമാർ വിചാരിക്കുമായിരുന്നെന്നും സ്‌നേഹ പറഞ്ഞു.
എന്നാൽ ഡെലിവറിയ്‌ക്ക് ശേഷവും പ്രശ്‌നങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഡെലിവറിയ്‌ക്ക് ശേഷം ബോഡി ഷെയിമിംഗ് കൂടി വന്നു. ഡെലിവറി കഴിഞ്ഞപ്പോൾ ഒരുപാട് തടിച്ചല്ലോയെന്ന് പറഞ്ഞ ചിലരുണ്ട്. താൻ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോൾ ഇപ്പൊ കുറച്ചു കൂടി തടിച്ചെന്ന് പറയുന്നവരുണ്ട്. വയർ കുറയാനെന്താണ് ഒന്നും ചെയ്യാത്തത് അങ്ങനെ പോകുന്നു നൂറ് ചോദ്യങ്ങൾ. സി സെക്ഷൻ ഡെലിവറി കഴിഞ്ഞ തനിക്ക് നിവർന്ന് നിന്ന് ഇപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ മൂന്ന് മാസം അല്ലേ ആയുള്ളൂവെന്ന് പറയുമ്പോഴും അഭിപ്രായ കമ്മിറ്റിക്കാർ മറ്റെന്തെങ്കിലും ആകും പറയുക.
ഭക്ഷണം കുറയ്‌ക്കണമെന്ന് നിർദ്ദേശിക്കും. എന്താണ് തടി കുറയാത്തത് എന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് എന്തിനാണ് ചോദിക്കുന്നതെന്നും തനിക്ക് മനസ്സിലായിട്ടില്ലെന്നും സ്‌നേഹ പറഞ്ഞു.















