ലോകകപ്പിലെ ദയനീയ തോല്‍വികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ നായക സ്ഥാനം രാജിവച്ച് പാക് താരം ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ നയിച്ചിരുന്ന ബാബര്‍ രാജി പ്രഖ്യാപിച്ചത് വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു.
വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് 29-കാരനായ ബാബര്‍ രാജി പ്രഖ്യാപനം പുറം ലോകത്തെ അറിയിച്ചത്. ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബാബറിന്റെ രാജി ആവശ്യപ്പെട്ട് മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് പുറത്താകേണ്ടി വന്നതാണ് ആരാധകരെയും മുന്‍താരങ്ങളും ചൊടിപ്പിച്ചത്.
‘കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞാന്‍ നിരവധി ഉയര്‍ച്ച-താഴ്‌ച്ചകള്‍ കണ്ടു. ക്രിക്കറ്റ് ലോകത്ത് പാകിസ്താന്റെ അഭിമാനം താഴാതെ നിലനിര്‍ത്താന്‍ നിറഞ്ഞ മനസോടെയും അഭിനിവേശത്തോടെയുമാണ് ഞാന്‍ പ്രവൃത്തിച്ചത്.
‘വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പരായത് കളിക്കാരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു.
ഈ യാത്രയില്‍ അചഞ്ചലമായ പിന്തുണ നല്‍കിയ ആരാധകരോട് എന്റെ നന്ദി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘ഇന്ന് ഞാന്‍ എല്ലാ ഫോര്‍മാറ്റിലും പാകിസ്താന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി അറിയിക്കുന്നു. ഇതൊരു പ്രയാസകരമായ തീരുമാനമാണ്, എങ്കിലും അതിനു പറ്റിയ സമയം ഇതാണ്’- ബാബര്‍ കുറിച്ചു.















