ജയ്പൂർ: ഭാരതത്തെ ആഗോള സൂപ്പർ പവർ ആക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ബിജെപിക്ക് മാത്രമെ സാധിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപിക്ക് വേണ്ടിയല്ല ബിജെപി പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടിയാണ് ബിജെപിയുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവർദ്ധൻ സിംഗ് റാത്തോഡിനെ പിന്തുണച്ച് ജയ്പൂരിലെ ജോത്വാരയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്കരി.
‘രാജ്യത്തെ ഒരു മഹാശക്തിയാക്കണം. ഭയം, പട്ടിണി, ഭീകരത, അഴിമതി എന്നിവയിൽ നിന്നെല്ലാം പൂർണമായി എല്ലാ ഗ്രാമങ്ങളെയും പാവപ്പെട്ട തൊഴിലാളി വർഗത്തെയും കർഷകരെയും മോചിപ്പിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ ലോകനേതൃത്വത്തിലേക്ക് ഉയർത്തണം. നാം സ്വയം അതിനെ സൃഷ്ടിക്കേണ്ടതുണ്ട്. ബിജെപിക്ക് മാത്രമേ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂ’.
‘ഞങ്ങൾ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. ഞങ്ങൾ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ഞങ്ങൾ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അതിനാൽ ഈ തിരഞ്ഞെടുപ്പ് രാജസ്ഥാന്റെ മാത്രമല്ല, ഇന്ത്യയുടെയും വിധി മാറ്റുന്ന തിരഞ്ഞെടുപ്പാണ്. രാജസ്ഥാനിലെ കർഷകർ അഭിവൃദ്ധി പ്രാപിച്ചാൽ രാജ്യത്തെ കർഷകരും അഭിവൃദ്ധി പ്രാപിക്കും. രാജസ്ഥാനിൽ പുരോഗതിയും സമൃദ്ധിയും വന്നാൽ അത് രാജ്യത്തിനും ഉണ്ടാകും’- നിതിൻ ഗഡ്കരി പറഞ്ഞു.















