മണൽ കൊണ്ട് നിർമ്മിച്ച മേഘങ്ങൾ നിറഞ്ഞൊരു ഗ്രഹം! മഴയായി മണൽ തുള്ളികൾ വീഴുന്നൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് നാസയുടെ ജെയിംസ് വെബ് ദൂരദർശിനി. സൗരയൂഥത്തിലെ വ്യാഴത്തിന്റെ വലുപ്പത്തോളമാണ് വാസ്പ്-107 ബി (Wasp-107b) എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിനുള്ളത്. ഭൂമിയിൽ നിന്ന് 200 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്.
വാസ്പ് -107ബിക്ക് ഭൂമിക്ക് സമാനമായ ജല-മേഘചക്രം ഉണ്ടെങ്കിലും ഇതിന്റെ മേഘങ്ങൾ സിലിക്കേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വാതക ഗ്രഹങ്ങൾക്ക് സമാനമായ രീതിയിൽ സാന്ദ്രത ഇല്ലാത്തതിനാൽ ഭാരം വളരെ കുറവാണ്. വ്യാഴത്തിനൊപ്പം വലുപ്പം ഉണ്ടെങ്കിലും നെപ്റ്റിയൂണിന്റെ പിണ്ഡം മാത്രമാണുള്ളത്. കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണിത്.
A team of European astronomers have used Webb to study the atmosphere of the nearby exoplanet WASP-107b. The team discovered water vapour, sulfur dioxide, and silicate sand clouds. Learn more here: https://t.co/UvCSBqE49I pic.twitter.com/Xl7Shlcr7Q
— ESA Webb Telescope (@ESA_Webb) November 15, 2023
യൂറോപ്യൻ ശാസ്ത്രജ്ഞരാണ് ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന സംബന്ധിച്ച് പഠനം നടത്തിയത്. ജലബാഷ്പം, സൾഫർ ഡയോക്‌സൈഡ്, സിലിക്കേറ്റ് മണൽ മേഘങ്ങൾ എന്നിവ ഇതിന്റെ അന്തരീക്ഷത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ജലചക്രത്തിന് സമാനമായാണ് വാസ്പ്-107 ബിയുടെ അന്തരീക്ഷവും പ്രവർത്തിക്കുന്നത്. പക്ഷേ വെള്ളത്തിന് പകരം മണലാണ്. സിലിക്കേറ്റ് നീരാവി അന്തരീക്ഷത്തിന്റെ ചൂടുള്ളതും, താഴ്ന്നതുമായ അന്തരീക്ഷത്തിൽ നിന്ന് ഉയർന്ന് തണക്കുമ്പോഴാണ് സൂക്ഷമ മണൽത്തരികൾ ഉണ്ടാകുന്നത്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ മേഘങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയുടെ രാസഘടന പഠിക്കുന്നത് ഇതാദ്യമാണെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്നു.















