ആവേശത്തിന്റെ പരകോടിയിലേറിയ മത്സരത്തിൽ 70 റൺസിന്റെ വിജയ നേടിയ ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിന്റെ ഫൈനിലിലെത്തുന്നത്. മത്സര ശേഷം ഡ്രെസിംഗ് റൂമിലത്തെിയ രോഹിത്തിന്റെയും സംഘത്തിന്റെയും ആഘോഷ നിമിഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗം. ബിസിസിഐയാണ് വൈകാരിക നിമിഷങ്ങളടങ്ങിയ ഈ വീഡിയോ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചത്.
ടീമിംഗങ്ങളും ടീമിന്റെ ഭാഗമായ മറ്റുള്ളവരും പരസ്പരം വാരിപുണർന്നാണ് ഡ്രസിംഗ് റൂമിൽ വിജയം ആഘോഷിച്ചത്. ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും വിക്രം റത്തോഡും ഫീൽഡിംഗ് പരിശീലകൻ ടി ദീലിപും ടീമംഗങ്ങളെ അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. വിജയത്തിന്റെ മാറ്റുകൂട്ടിയ വിരാട് കോലി വിക്രം റത്തോഡിനെ കെട്ടിപ്പിടിക്കുന്നതും കാണാം. ഇതിനെല്ലാം അപ്പുറം ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഷമിയുടെ കൈകളിൽ രവിചന്ദ്ര അശ്വിൻ ചുംബിക്കുന്നതും വിജയാഘോഷത്തിന് മാറ്റുകൂട്ടി. ടീമിൽ ഇടം നേടാൻ കഴിയാതെ പോയ യുസ്വേന്ദ്ര ചഹൽ കീവിസുമായുള്ള സെമി കാണാൻ വാങ്കഡെയിൽ എത്തിയിരുന്നു. ഐതിഹാസിക വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തി തന്റെ സഹപ്രവർത്തകരെ കാണാനും അഭിനന്ദിക്കാനും ചഹൽ മറന്നില്ല. കോലിയെയും ഇഷാനെയും ബുമ്രയെയുമെല്ലാം ചഹൽ കെട്ടിപ്പിടിക്കുന്നത് വീഡിയോയിൽ കാണാം.