തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കഴിയുന്ന പ്രതിയോട് പോലീസിന്റെ ക്രൂരതയെന്ന് ആരോപണം. കഴിഞ്ഞ 4 മാസമായി പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന കണിയാപുരം സ്വദേശി ലിയോൺ ജോണിനാണ് പോലീസിന്റെ അതിക്രമം നേരിടേണ്ടി വന്നത്. ഇടതുപക്ഷ അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥർ ലിയോണിന്റെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. ഗുരുതരമായി പൊള്ളലേറ്റ ലിയോണിന് ചികിത്സ ലഭ്യമാക്കാൻ ജയിൽ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. യുവാവിന്റെ സുഹൃത്തുകളാണ് വെളിപ്പെടുത്തൽ നടത്തിയത്.
ജയിലിൽ ആഹാരം കഴിക്കുന്നതിനിടെ മുടിനാര് ലഭിച്ച കാര്യം ജയിൽ സൂപ്രണ്ടിന്റെ സമക്ഷം ലിയോൺ പരാതിപ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് പോലീസ് തീർത്തതെന്നാണ് ആരോപണം. ലിയോണിനെ ജയിലിലെത്തി സന്ദർശിച്ച സുഹൃത്തുക്കളാണ് പൊള്ളലേറ്റതിന്റെ ദൃശ്യങ്ങൾ പോലീസ് അറിയാതെ പകർത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും സുഹൃത്തുകൾ ജനം ടിവിയോട് പറഞ്ഞു.
ഇക്കാര്യം പുറംലോകം അറിഞ്ഞാൽ കൂടുതൽ കേസുകൾ ലിയോണിന് മേൽ ചുമത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും സുഹൃത്തുക്കൾ പറയുന്നു. ലിയോണിന് അകാരണമായി ജാമ്യം നിഷേധിക്കുകയാണെന്നും സുഹൃത്തുകൾ കൂട്ടിച്ചേർത്തു.