കോട്ടയം: സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. അടിയന്തരമായി 250 കോടി ലഭിച്ചില്ലെങ്കിൽ കച്ചവടം തന്നെ നിലയ്‌ക്കുന്ന സ്ഥിതിയാണ്. ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന വകുപ്പിനെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല എന്നാണ് റിപ്പോർട്ട്. വിപണിയിൽ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും കാര്യമായ ഒരു സഹകരണവും ലഭിച്ചില്ല.
ഓണക്കാലത്ത് വിവിധ ഏജൻസികൾക്കും കമ്പനികൾക്കും കൊടുക്കേണ്ട കുടിശ്ശികയായ 350 കോടി ഉൾപ്പെടെ 1000 കോടി രൂപയോളം തുക ധന വകുപ്പ് കൊടുത്ത് തീർക്കണം. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്ന് നൽകുമെന്നാണ് ധനവകുപ്പ് പറയുന്നത്. 2018 മുതലുള്ള ഓഡിറ്റ് പൂർത്തിയാക്കിയാൽ തുകഅനുവദിക്കാം എന്ന് കേന്ദ്രം ഉറപ്പ് കൊടുത്തു. എന്നാൽ ഓഡിറ്റും ആരംഭിച്ചതേ ഉള്ളു.
13 ഇനങ്ങളാണ് സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്നത്. ഇതിൽ 2 ഇനങ്ങളുടെ ടെൻഡറാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. വിലകൂട്ടിയെങ്കിൽ മാത്രമേ മറ്റു ഇനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കു എന്ന നിലപാടിലാണ് കമ്പനികൾ. ധന പ്രതിസന്ധി എല്ലാ മേഖലകളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലാണ് സർക്കാർ ജനങ്ങളുടെ വയറ്റത്തടിക്കുന്നത്.















