ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ ഉള്ളിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് അൽ ഷിഫ. ആശുപത്രിക്കുള്ളിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീഡിയോയും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലിയ തോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഗാസയിലെ ആശുപത്രികൾ ഹമാസ് ഭീകരർ അവരുടെ കമാൻഡ് സെന്ററുകളായി ഉപയോഗിക്കുകയാണെന്ന് നേരത്തേയും ഇസ്രായേൽ സൈന്യം ആരോപിച്ചിരുന്നു. ആശുപത്രിയിലുള്ള രോഗികളെ പോലും ഹമാസ് ഭീകരർ ബന്ദികളെ പോലെയാക്കിയിരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
” ഭീകരർ അൽ ഷിഫ ആശുപത്രിക്കുള്ളിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് നേരത്തേയും സൂചനകൾ ലഭിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് ഇസ്രായേലിന്റെ സൈന്യം ആശുപത്രിക്കുള്ളിൽ പ്രവേശിച്ച് പരിശോധനകൾ നടത്തിയതെന്നും” നെതന്യാഹു വ്യക്തമാക്കി. ഹമാസ് അൽ ഷിഫ ആശുപത്രിയെ തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണെന്നതിന്റെ തെളിവുകൾ കൃത്യമായി ലഭിച്ചിരുന്നുവെന്ന് പെന്റഗണും യുഎസ് ഡിപ്പാർട്‌മെന്റും പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നുണ്ട്.
ആശുപത്രികളിലേക്ക് എത്തിക്കുന്ന അവശ്യ സേവനങ്ങൾ ഹമാസ് ഭീകരർ ഉപയോഗിക്കുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ ഈ ആശുപത്രികളുടെ പ്രവർത്തനത്തിന് എന്ന പേരിൽ എത്തിക്കുന്ന ഇന്ധന സേവനങ്ങളടക്കം സൈന്യം താത്കാലികമായി തടഞ്ഞിട്ടുണ്ട്.















