ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം സമൂഹം ഭാഗ്യം ചെയ്തവരാണെന്ന് ജെഎൻയു പൂർവ്വ വിദ്യാർത്ഥിനിയായ ഷെഹ്‌ല റാഷിദ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് മാറ്റം അവർ വിശദീകരിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരായ വിവേചനത്തിന്റെ യാഥാർത്ഥ്യത്തെക്കുറി ചോദിച്ചപ്പോൾ, മുസ്ലീങ്ങൾ ന്യൂനപക്ഷമല്ലെന്നും രണ്ടാമത്തെ വലിയ ഭൂരിപക്ഷമായി കാണണമെന്നും ഷെഹ്ല റാഷിദ് പറഞ്ഞു
‘ഇവിടെയുള്ള മുസ്ലീങ്ങൾ ഭാഗ്യവാൻമാരാണ്. കാരണം അവർ ഈ രാജ്യത്തിന്റെ ഭാഗമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശന വേളയിലെ വാക്കുകൾ തികച്ചും വാസ്തവമാണ്. ഇത് എല്ലാവരുടേയും രാജ്യമാണ്. ഇവിടെ എവിടെ വേണമെങ്കിലും ജീവിക്കാനും പോകാനും കഴിയും. ഇവിടെ സമാധാനമുണ്ട്, വികസനമുണ്ട്, മുൻപ് ഭരിച്ചിരുന്ന ബ്രിട്ടനെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ഈ നേട്ടം കൈവരിച്ചത് നിസ്വാർത്ഥമായ സേവനം ചെയ്യുന്ന, ഇച്ഛാ ശക്തിയൊടെ തീരുമാനമെടുക്കുന്ന ഭരണസംവിധാനം ഉള്ളത് കൊണ്ടാണ്’.
അഭിമുഖത്തിനിടെ, ഒരു വിമർശകയിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ ആരാധികയായി മാറിയതിനെക്കുറിച്ച് ഷെഹ്‌ല റഷീദ് വിശദമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ മാറ്റിമറിക്കാൻ തക്ക ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന നിസ്വാർത്ഥ മനുഷ്യനാണെന്ന തിരിച്ചറിവാണ് എന്റെ മനംമാറ്റത്തിന് കാരണമായത്. തീവ്രമായ വിമർശനങ്ങളെ അദ്ദേഹം ധീരമായി നേരിട്ടിട്ടുണ്ട്, അപ്പോഴും സമഗ്ര വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ അദ്ദേഹം ഉറച്ചുനിന്നു ഷെഹ്ല വാചാലയായി.
സൈനിക ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് 2019 ൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അവർ ഖേദം പ്രകടിപ്പിച്ചു. സ്വയം പരിശോധിക്കാതയാണ് അന്ന് വിവരങ്ങൾ പങ്കുവച്ചത്. തനിക്ക് വിവരം കൈമാറിയവരുടെ ലക്ഷ്യവും അതായിരുന്നു. ഞാൻ പങ്കുവച്ച വിവരങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള ദേശ വിരുദ്ധ ശക്തികൾ ഉപയോഗിച്ചുവെന്നത് സത്യമാണ്. ആ ട്വീറ്റുകൾ ഇട്ടതിൽ ഖേദമുണ്ട്, അവർ പറഞ്ഞു.
ഒരുകാലത്ത് കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകയായിരുന്നു ഷെഹ്ല റാഷിദ്. അന്ന് വിവാദ പരാമർശങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കന്നയ്യ കുമാർ, ഉമർ ഖാലിദ് തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷെഹ്ല. ശ്രീനഗർ സ്വദേശിയായ ഷെഹ്ല ഐസ നേതാവും 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു.















