ലോകത്തെ ഏറ്റവും അപകടകാരിയായ 14 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ദ ഡെയ്‌ലി ഡൈജസ്റ്റ്. അവ ഏതെല്ലാമെന്നറിയാം..
സെലേയ, മെക്‌സിക്കോ
കൊലപാതക നിരക്ക് ഏറ്റവും ഉയർന്ന നഗരമാണ് മെക്‌സിക്കോയിലെ സെലേയ. സിറ്റിസൺ കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന കൂട്ടക്കൊലപാതകമാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. തെരുവിലൂടെ നടന്നുപോകുകയായിരുന്ന ആറ് വനിതകളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ചാരമായാണ് പിന്നീട് കണ്ടെത്തിയത്.
കാബൂൾ, അഫ്ഗാനിസ്ഥാൻ
ഗ്ലോബൽ പീസ് ഇൻഡക്‌സ് ആൻഡ് ടെററിസം ഇൻഡക്‌സ് 2023 പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും ഒടുവിലായിരുന്നു അഫ്ഗാനിസ്ഥാന്റെ സ്ഥാനം. താലിബാൻ അധികാരത്തിലേറിയതോടെ ഏറ്റവും അപകടകരമായ നഗരങ്ങളിലൊന്നായി കാബൂൾ മാറി. ഭീകരാക്രമണ ഭീഷണിയിൽ ഓരോ ദിവസവും കഴിയേണ്ടി വരുന്നവരാണ് നഗരത്തിലെ ജനങ്ങൾ.
ജെനീന, സുഡാൻ
പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഭരണം അട്ടിമറിച്ചതോടെ സുരക്ഷിതത്വമില്ലാത്ത നഗരങ്ങളിൽ മുൻപന്തിയിലാണ് ജെനീനയുടെ സ്ഥാനം. കഴിഞ്ഞ മാസം വെറും നാല് ദിവസത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെട്ടത് 200 പേരായിരുന്നു. റെഡ് ക്രോസാണ് ഈ കണക്ക് പുറത്തുവിട്ടത്.
തിജുവാന, മെക്‌സിക്കോ
അമേരിക്കൻ അതിർത്തിയിലുള്ള മെക്‌സിക്കൻ നഗരമാണിത്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് തിജുവാനയ്‌ക്ക്. ലഹരിക്കടത്ത് നടക്കുന്ന പ്രധാന നഗരമാണിത്.
അലെപ്പോ, സിറിയ
സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന നഗരമായ അലെപ്പോ രാജ്യത്തെ ഏറ്റവും അസ്ഥിരമായ പ്രദേശമാണ്. ഭൂകമ്പം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. യുദ്ധത്തെ പലപ്പോഴും നേരിടേണ്ടി വന്ന നഗരം കൂടിയാണിത്.
കാരകാസ്, വെനസ്വേല
സൗത്ത് അമേരിക്കയിലെ ഏറ്റവും അപകടകാരിയായ നഗരമാണിത്. സംഘടിത കൊലപാതകങ്ങളും ഗുണ്ടകളുടെ ഭരണവുമാണ് ഇവിടെ നടക്കുന്നത്. ഏതുനിമിഷവും തട്ടിക്കൊണ്ടുപോകലിനോ മറ്റ് അതിക്രമങ്ങൾക്കോ ഇരയാകേണ്ടി വരുമെന്ന ഭയത്താലാണ് ജനങ്ങൾ ഇവിടെ ജീവിക്കേണ്ടി വരുന്നത്.
ഖേഴ്‌സൺ, യുക്രെയ്ൻ
റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതോടെ രാജ്യത്ത് ഏറ്റവും അസ്ഥിരത പടർന്ന നഗരമാണ് ഖേഴ്‌സൺ. യുദ്ധം തുടങ്ങിയ സമയത്ത് ഈ നഗരം റഷ്യ പിടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് ഇത് യുക്രെയ്ൻ തിരിച്ചെടുത്തു.
സനാ, യെമൻ
ഗ്ലോബൽ പീസ് ഇൻഡക്‌സിൽ ഏറ്റവും ഒടുവിലത്തെ നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് സനയ്‌ക്കുള്ളത്. ഇവിടേക്ക് യാത്ര ചെയ്യരുതെന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പോർട്ട്-അ-പ്രിൻസ്, ഹെയ്തി
സുരക്ഷാസാഹചര്യം തീർത്തും ദയനീയമായ, അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകരാറിലായ നഗരമാണിത്. ആളുകളെ സ്ഥിരമായി തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നത് ഇവിടെ പതിവാണ്.
തിംബുക്തു, മാലി
ഭീകരാക്രമണ ഭീഷണി മൂലം സുരക്ഷിതത്വം പൂർണ്ണമായും നഷ്ടപ്പെട്ട നഗരങ്ങളിലൊന്നാണ് മാലിയിലെ തിംബുക്തു. 2013 ഇവിടെ 150 പീസ്‌കീപ്പേഴ്‌സ് കൊല്ലപ്പെട്ടിട്ടുണ്ട്. തുവാരേഗ് വിതമരും മാലി സൈന്യവും തമ്മിലുള്ള സംഘർഷവും ഇവിടെ പതിവാണ്.
സമറ, ഇറാഖ്
സമറയിലെ അസ്ഥിരമായ സാഹചര്യം മൂലം യുകെ, യുഎസ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഇവിടേക്ക് സഞ്ചരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു.
ഗോമ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
സമാധാനപരമായ അന്തരീക്ഷം ഒട്ടുമേയില്ലാത്ത നഗരങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഗോമയ്‌ക്ക്.
മോഗാദിഷു, സൊമാലിയ
കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും സൊമാലിയയിൽ പൊതുവേ കൂടുതലാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരമാണ് മോഗാദിഷു.
നതൽ, ബ്രസീൽ
ലോകത്തെ ഏറ്റവും അക്രമാസക്തമായ നഗരങ്ങളിൽ എട്ടാം സ്ഥാനമാണ് നതലിനുള്ളത്. ബ്രസീലിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.