ന്യൂഡൽഹി: കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ- ന്യൂസിലൻഡ് സെമി ഫൈനൽ മത്സരം. ഇന്ത്യൻ സ്ട്രീമിംഗ് ഭീമനായ ഡിസ്നി+ ഹോട്ട് സ്റ്റാറിൽ തൽസമയം സംപ്രേക്ഷണം ചെയ്ത മത്സരം, ഒരേ സമയം 5.3 കോടി പേരാണ് കണ്ടത്. നവംബർ 15-നായിരുന്നു മത്സരം നടന്നത്.
ഫിനാൽഷ്യൽ മാദ്ധ്യമമായ മണികൺട്രോളിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 4.4 കോടി കാഴ്ചക്കാർ എന്ന നേട്ടമാണ് സെമിഫൈനൽ മത്സരം അനായാസം മറികടന്നത്. പത്ത് ദിവസം മുമ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് 4.4 കോടി കാഴ്ചക്കാരുണ്ടായത്. അന്ന് വിരാട് കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് കാഴ്ചക്കാരുടെ കുതിപ്പിന് കാരണമായത്. ഈ മത്സരത്തിലാണ് കരിയറിലെ 50 മത് സെഞ്ച്വറി വിരാട് അടിച്ചെടുത്തത്.
കഴിഞ്ഞ മാസത്തിൽ സ്ട്രീമിങ് പ്ലാറ്റ്ഫോം നടത്തിയ റെക്കോർഡ് നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ ഏറ്റവും പുതിയ വിജയം. ഡിസ്നി+ ഹോട്ട് സ്റ്റാർ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കൾക്ക് ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ സ്ട്രീമിംഗ് സൗജന്യമായി ലഭ്യമാക്കിയിരുന്നു. പരസ്യങ്ങളുടെ പിന്തുണയൊടെയാണ് ഇത് സാധ്യമാക്കിയത്.
പ്ലാറ്റ്‌ഫോം കൂടതൽ പേരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു സൗജന്യ സംപ്രക്ഷേണം. ഇത്തരം ഇവന്റുകൾ സൗജന്യമായി ലഭ്യമാക്കുന്നത് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വളർച്ചയ്‌ക്ക് കാരണമാകുമെന്ന് ഡിസ്‌നി + ഹോട്ട്‌സ്റ്റാർ മേധാവി സജിത്ത് ശിവാനന്ദൻ പറഞ്ഞു. ഈ വർഷത്തിന്റെ തുടക്കത്തിൽ ജിയോസിനിമ ഐപിഎൽ ടൂർണമെന്റ് സൗജന്യ സ്ട്രീമിംഗ് ചെയ്തിരുന്നു.
പ്രോ കബഡി ലീഗിന്റെ പത്താം സീസൺ 2023 ഡിസംബർ 2 മുതൽ ഇന്ത്യയിലുടനീളമുള്ള എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും സൗജന്യ ലഭ്യമാകുമെന്നും ഡിസ്‌നി + ഹോട്ട്‌സ്റ്റാർ പ്രഖ്യാപിച്ചിട്ടുണ്ട്. കബഡി, രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന രണ്ടാമത്തെ കായിക വിനോദമാണ്.