ലോകകപ്പിന്റെ കലാശപ്പോരിന് സാക്ഷിയാകാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഇന്ത്യയിലെത്തും. നവംബർ 19-ഞായറാഴ്ച മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. 2003-ന് ശേഷം ആദ്യമായാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ കലാശപ്പോരിന് ഇറങ്ങുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് പ്രധാനമന്ത്രിമാർ മത്സരം കാണാൻ എത്തുന്നകാര്യം അറിയിച്ചത്. എന്നാൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല.
ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.- 2003 ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുളള ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ കീരിടത്തിൽ മുത്തമിട്ടത്. റിക്കി പോണ്ടിംഗ് ആയിരുന്നു അന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ.
ഈ വർഷം ആദ്യം അഹമ്മദാബാദിൽ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമെത്തിയിരുന്നു.