വ്യക്തിഗത വായ്പയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വ്യക്തിഗത-ക്രെഡിറ്റ് കാർഡ് പോലെയുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച് ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നടപടിയുടെ ഭാഗമായി വായ്പകളുടെ റിസ്‌ക് വെയിറ്റിംഗ് ഉയർത്തിയിരിക്കുകയാണ് ആർബിഐ.
സുരക്ഷിതമല്ലെന്ന് കണക്കാക്കിയിട്ടുള്ള വ്യക്തിഗത വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ആർബിഐ കർശനമാക്കിയിരിക്കുന്നത്. റിസ്‌ക് വെയിറ്റിംഗ് 100 ശതമാനത്തിൽ നിന്നും 125 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വർണ പണയ വായ്പ എന്നിവയ്‌ക്ക് പുതുക്കിയ നിയമങ്ങൾ ബാധകമല്ല.
വ്യക്തിഗത വായ്പയ്‌ക്കുള്ള നിയമങ്ങൾ
സുരക്ഷിതമല്ലാത്തതായി കണക്കാക്കുന്ന വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ കൂടുതൽ തുകയുടെ പ്രത്യേക പ്രൊവിഷൻ ചെയ്യേണ്ടി വരും എന്നതാണ് റിസ്‌ക് വെയിറ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലെങ്കിൽ ഉയർന്ന അപകട സാധ്യതയുള്ള വായ്പ നൽകാനുള്ള ബാങ്കുകളുടെ കഴിവിനെ പരിമിതപ്പെടുത്തുക എന്നതും റിസ്‌ക് വെയിറ്റിംഗിനെ സൂചിപ്പിക്കുന്നു.
പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ വ്യക്തമാക്കി. ഇത് പുതിയതായി എടുക്കുന്നതും കുടിശ്ശിക ഉള്ളതുമായ വായ്പകൾക്ക് ബാധകമാണ്. ആർബിഐയുടെ കണക്കുകൾ അനുസരിച്ച് ബാങ്ക് വായ്പാ വളർച്ച 20 ശതമാനവും ക്രെഡിറ്റ് കാർഡിലെ വായ്പകളിൽ 30 ശതമാനവും വ്യക്തിഗത വായ്പകൾ 25 ശതമാനവുമാണ്. റിസ്‌ക് വെയിറ്റിംഗിലെ വർദ്ധനവ് കാരണം ബാധിക്കപ്പെടാൻ സാധ്യതയുള്ള ലോൺ പോർട്ട്‌ഫോളിയോകൾ ബാങ്കുകളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോയുടെ ഏകദേശം 30 ശതമാനമാണ്.