കോട്ടയം: യാത്ര പുറപ്പെട്ട റോബിൻ ബസിനെ രണ്ടാമതും തടഞ്ഞ് എംവിഡി. കോട്ടയം പാലയിൽ എത്തും മുൻപാണ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. നേരത്തെ പത്തനംതിട്ടയിൽ നിന്ന് ബസ് പുറപ്പെട്ട് 200 മീറ്റർ പിന്നിട്ടപ്പോഴെക്കും ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു.
റോബിൻ ബസിനെ ലക്ഷ്യം വെച്ച് തന്നെയാണ് എംവിഡി പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരത്തിലിറങ്ങിയ മറ്റ് ബസുകളിലോ വാഹനങ്ങളിലോ പരിശോധന നടത്തുന്നില്ലെന്നും റോബിൻ ബസിനെ മാത്രം ലക്ഷ്യം വെച്ചാണ് എംവിഡി പരിശോധനയ്ക്കിറങ്ങിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
നിയമലംഘനം ചൂണ്ടിക്കാട്ടി 7,500 രൂപ പിഴയാണ് ഇന്ന് രാവിലെ ചുമത്തിയത്. ചലാൻ നൽകിയെങ്കിലും എംവിഡി ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തിരുന്നില്ല. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നൽകിയ ചെലാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണത്തിലാണ് ബസ് നിരത്തിലിറങ്ങിയത്.