ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണന നയത്തിലൂടെ സംസ്ഥാനത്തുടനീളം സാമൂഹിക വിരുദ്ധരെ അഴിച്ചുവിടുകയാണ് അശോക് ഗെഹ്‍ലോട്ടിന്റെ സർക്കാരെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കുറ്റകൃത്യങ്ങളിലും കലാപങ്ങളിലും രാജസ്ഥാനെ ഒന്നാം സ്ഥാനത്തേക്ക് കോൺഗ്രസ് പാർട്ടി കൊണ്ടെത്തിച്ചുവെന്നും തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിന്നും കോൺഗ്രസ് അപ്രത്യക്ഷമാകുമെന്നും രത്പൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു. നവംബർ 25-നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
‘ഒരു വശത്ത്, ഭാരതം ലോക നേതാവായി മാറുകയാണ്. മറുവശത്ത്, കഴിഞ്ഞ അഞ്ച് വർഷമായി രാജസ്ഥാനിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. കോൺഗ്രസ് രാജസ്ഥാനെ അഴിമതിയിലും കലാപങ്ങളിലും കുറ്റകൃത്യങ്ങളിലും ഒന്നാമതാക്കി. അതുകൊണ്ട് തന്നെ ഗെഹ്‍ലോട്ടിന് ജനങ്ങളുടെ വോട്ടൊന്നും കിട്ടാൻ പോകുന്നില്ല. പ്രീണന നയത്തിലൂടെ ക്രിമിനൽ സംഘങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഇടമാക്കി രാജസ്ഥാനെ കോൺഗ്രസ് പാർട്ടി മാറ്റി’.
‘കോൺഗ്രസ് അധികാരത്തിൽ വരുന്നിടത്തെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അഴിച്ചുവിടും. പ്രീണനമാണ് കോൺഗ്രസിന് എല്ലാം. ജനങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണെങ്കിലും കോൺഗ്രസ് പ്രീണനത്തിനായി ഏതറ്റം വരെയും പോകും. കോൺഗ്രസിന്റെ അഞ്ചുവർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും ദളിതർക്കും എതിരായുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു. ഹോളിയോ, രാമനവമിയോ, ഹനുമാൻ ജയന്തിയോ ആകട്ടെ, നിങ്ങൾക്ക് ഒരു ഉത്സവവും സമാധാനപരമായി ആഘോഷിക്കാൻ കഴിയില്ല. കലാപവും കല്ലേറും കർഫ്യൂവും എല്ലാം രാജസ്ഥാനിൽ തുടരുന്നു’- പ്രധാനമന്ത്രി പറഞ്ഞു.