ചെന്നൈ: പൊങ്കലലിനോടനുബന്ധിച്ച് വിതരണത്തിനായി കളക്ടറേറ്റിൽ സൂക്ഷിച്ച മുണ്ടും സാരികളും മോഷ്ടിച്ച കേസിൽ ഫീൽഡ് സർവേയറുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മദ്രാസ് ഹെെക്കോടതിയാണ് ഫീൽഡ് സർവേയറായ ശരവണന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. 16 ലക്ഷം രൂപ വിലയുള്ള 12,500 സാരിയും മുണ്ടും മോഷ്ടിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ശരവണനെതിരെ കേസെടുത്തത്.
ട്രെഷറിയുടെ കീഴിലുള്ള റേഷന്‍ കാർഡ് ഉടമകള്‍ക്ക് പൊങ്കലിന് സൗജന്യമായി നൽകാൻ വേണ്ടി സൂക്ഷിച്ചിരുന്നതായിരുന്നു സാരിയും മുണ്ടുകളും. സാധനങ്ങള്‍ വയ്ക്കാനായി മുറി തുറക്കാൻ നോക്കുമ്പോഴാണ് വാതിൽ തകർത്ത് മോഷണം നടത്തിയത് കണ്ടെത്തിയത്. വസ്ത്രത്തിന്റെ 125 കെട്ടുകളാണ് കാണാതായത്. എന്നാൽ മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് വാദിച്ച ശരവണൻ തന്നെ കേസിൽ മനപ്പൂർവ്വം കുടുക്കിയതാണെന്നുെം ആരോപിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഇബ്രാഹിം ഷാ, കുമരന്, മണികണ്ഠന്, സുൽത്താന്‍ അലാവുദീന്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും മോഷ്ടിച്ച മുണ്ടുകൾ കണ്ടെത്തിയിരുന്നു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശരവണനെ അറസ്റ്റ് ചെയ്തത്.