ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജലോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ നടക്കുന്നത് വെറും ഒരു തിരഞ്ഞടുപ്പ് അല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിർണയിക്കുന്ന ഒന്നാണ്. കഴിഞ്ഞ 5 വർഷമായി രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ അഴിമതിക്കും കെടുകാര്യസ്ഥയ്‌ക്കും പകരം വീട്ടാനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജിഹാദികളുടെ ക്രൂരതയിൽ മരണപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് 5 ലക്ഷം മാത്രമാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത് എന്നാൽ ഹിന്ദു അല്ലാത്ത ഒരാൾ മോട്ടോർ സൈക്കിൾ ഇടിച്ച് മരിച്ചാൽ അവർക്ക് നൽകുന്നത് 20 ലക്ഷമാണ്. നഷ്ടപരിഹാരം നൽകുന്നതിൽ പോലും സർക്കാർ മതം നോക്കുകയാണെന്ന് യോഗി ആരോപിച്ചു. രാജസ്ഥാനിലെ സർക്കാരിനെ മാറ്റാൻ ജനങ്ങൾ തീരുമാനിച്ചുക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് റാലികളിലായി സംസ്ഥാനത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് ഇതിനോടകം പര്യടനം നടത്തിക്കഴിഞ്ഞു.
അഴിമതിയും സ്ത്രീ സുരക്ഷയിലെ പോരായ്മ്മയുമാണ് അശോക് ഗെഹ്‌ലോട്ട് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. തുടർഭരണം ഉണ്ടാകുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തറപ്പിച്ചു പറയാൻ സർക്കാരോ പാർട്ടിയോ ഇപ്പോഴും തയ്യാറല്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മറ്റേത് സംസ്ഥാനത്തെക്കാളും ദുരവസ്ഥ നേരിടുന്ന സംസ്ഥാനമാണ് നിലവിൽ രാജസ്ഥാൻ. അശോക് ഗെഹ്‌ലോട്ട് സർക്കാരിലെ മന്ത്രിയായിരുന്നു രാജേന്ദ്ര സിംഗ് ഗുദ്ധ നിയമസഭയിൽ ഇത് ഉന്നയിച്ചിരുന്നെങ്കിലും മന്ത്രിയെ തന്നെ പുറത്താക്കുന്ന സമീപനമാണ് ഗെഹ്ലോട്ട് സ്വീകരിച്ചത്.















